കേരളത്തിലെ ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഹിന്ദു ബാങ്കുകൾ ആരംഭിക്കാൻ സംഘ്പരിവാർ. മിനിസ്ട്രി ഓഫ് കോഓപറേറ്റിവ് അഫയേഴ്സിനുകീഴിൽ രജിസ്റ്റർ ചെയ്ത നിധി ലിമിറ്റഡ് കമ്പനികളായാണ് ഹിന്ദു ബാങ്കുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനോടകം 100 ഓളം കമ്പനികൾ രജിസ്റ്റർ ചെയ്തെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഹിന്ദു ബാങ്ക് നിധി ലിമിറ്റഡ് കമ്പനികൾ’ എന്നായിരിക്കും പുതിയ ബാങ്കുകളുടെ പേര്. ‘ഹിന്ദുവിൻെറ പണം ഹിന്ദുക്കൾക്ക്’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് സംഘ്പരിവാർ ബാങ്കുകൾ ആരംഭിക്കുന്നത്. കമ്പനി തുടങ്ങി ഒരു വർഷത്തിനകം വിശ്വാസികളായ 200 അംഗങ്ങളെ ചേർക്കണമെന്നാണ് ചട്ടം. അംഗങ്ങളിൽ നിന്നുമാത്രം നിക്ഷേപം സ്വീകരിക്കുകയും അവർക്കുമാത്രം വായ്പ കൊടുക്കുകയും ചെയ്യുന്നുവെന്നതാണ് കമ്പനികളുടെ പ്രത്യേകത. ആദ്യഘട്ടത്തിൽ ആശ്രമങ്ങളും മഠങ്ങളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചാണ് നൂറോളം കമ്പനികൾ രജിസ്റ്റർ ചെയ്തതത്.
ഒരു പ്രദേശത്തെ ഹിന്ദു കച്ചവടക്കാരെ ഉൾപ്പെടുത്തി സ്ഥാപനങ്ങൾ ആരംഭിക്കാനാണ് നീക്കം. സ്വർണപണയ വായ്പ, വ്യവസായിക വായ്പ, പ്രതിദിന കലക്ഷൻ വായ്പ, വാഹനവായ്പ എന്നിവ അനുവദിക്കും. ഈട് വാങ്ങിയുള്ള വായ്പകൾ മാത്രമേ നൽകൂ. സ്ഥിരനിക്ഷേപങ്ങൾക്ക് 12.5 ശതമാനം പലിശയാണ് വാഗ്ദാനം. അംഗത്വത്തിന് കെ.വൈ.സി നിബന്ധനകൾ ബാധകമായിരിക്കും.