കൊച്ചി∙ കരിപ്പൂർ സ്വർണക്കടത്തു കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ. കൊച്ചിയിലെ കസ്റ്റംസ് സംഘമാണ് അർജുന്റെ അറസ്റ്റു രേഖപ്പെടുത്തിയത്. ഒമ്പതു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്. തിങ്കളാഴ്ച രാവിലെയാണ് അർജുൻ ചോദ്യംചെയ്യലിനു ഹാജരായത്.
സ്വർണക്കടത്തിൽ അർജുൻ ആയങ്കിക്ക് നിർണായക പങ്കുണ്ടെന്നാണ് 2.33 കിലോ സ്വർണവുമായി വിമാനത്താവളത്തിൽ പിടിയിലായ ഷഫീഖിന്റെ വെളിപ്പെടുത്തിയത്. കാരിയറായി പ്രവർത്തിച്ച ഷഫീഖിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിക്കു നൽകിയ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. ഇയാളെ കോടതി കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു.
സ്വർണവുമായി വിമാനത്താവളത്തിലെത്തിയ ഷഫീഖിനു നിർദേശങ്ങൾ നൽകിയത് അർജുൻ ആയിരുന്നുവെന്ന് കസ്റ്റംസ് റിപ്പോർട്ടിൽ പറയുന്നു. വിമാനത്താവളത്തിൽ എത്തുമ്പോൾ എങ്ങനെ പെരുമാറണം എന്നതുൾപ്പടെയുള്ള നിർദേശങ്ങൾ അർജുൻ ഷഫീഖിനു നൽകി. സ്വർണക്കടത്തിനു പിന്നിൽ ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മാഫിയയാണ്.