തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റന്നാൾ മുതൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ മറ്റന്നാൾ മുതൽ ഒമ്പതാം തിയതി വരെ പ്രവർത്തിക്കാൻ അനുമതി ഉള്ളൂ. ഭക്ഷ്യ വസ്തുക്കള്‍, പച്ചക്കറികള്‍, പാൽ, മീൻ, മാംസം, ഇലക്ട്രിക്കൽ, പ്ലംബിംഗ് വസ്ക്കുള്‍ തുടങ്ങിയവ വിൽക്കുന്ന കടകള്‍ക്കും ബേക്കറിക്കും മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളൂ. റേഷന്‍ കടകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. രാവിലെ 9 മണി മുതല്‍ വൈകീട്ട് 7.30 വരെയാണ് പ്രവര്‍ത്തനാനുമതിയുള്ളത്. ശുചീകരണ തൊഴിലാളികൾക്ക് ജോലിക്ക് പോകാം. നിയന്ത്രണ ഉത്തരവ് സര്‍ക്കാര്‍ പുതുക്കി ഇറക്കി.
കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ വേണ്ടിയാണ് അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ജൂണ്‍ 4 ന് പാഴ് വസ്തുവ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ 10 മുതലാണ് പ്രവര്‍ത്തിക്കുക. നേരത്തെ ഇത് ജൂണ്‍ 7 എന്നായിരുന്നു നിശ്ചയിച്ചത്. സംസ്ഥാനത്തിന് യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്‍റുമാര്‍ ഉള്‍പ്പെടെ) കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ മാത്രം അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതി.