ഔരീയ (ഉത്തര്‍പ്രദേശ്): കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്നവും, വധു വരന്മാര്‍ തമ്മിലുള്ള പ്രശ്നങ്ങളും എല്ലാം നിശ്ചയിച്ച വിവാഹം മുടങ്ങാന്‍ കാരണമാകാറുണ്ട്. എന്നാല്‍ ഉത്തര്‍ പ്രദേശിലെ ഔരീയയില്‍ വധുവിന്‍റെ പിന്‍മാറ്റത്താല്‍ അവസാന നിമിഷം വിവാഹം മുടങ്ങിയ സംഭവം ശരിക്കും ഒരു പ്രത്യേക സംഭവം തന്നെയാണ്. യു.പിയിലെ ഔരീയ ജില്ലയിലെ സര്‍ദാര്‍ കോട്ട്വാലി പ്രദേശത്തെ ജമാല്‍പൂര്‍ ഗ്രാമത്തിലെ അര്‍ജുന്‍ സിംഗ് എന്നയാളുടെ മകള്‍ അര്‍ച്ചനയുടെ വിവാഹമാണ് മുടങ്ങിയത്. അടുത്ത ഗ്രാമമായ ബന്‍സി ഗ്രാമത്തിലെ ശിവം എന്ന വ്യക്തിയുമായാണ് അര്‍ച്ചനയുടെ കല്ല്യാണം നിശ്ചയിച്ചിരുന്നത്.
അര്‍ജുന്‍ സിംഗ് നേരിട്ടാണ് ശിവത്തെ വരനായി നിശ്ചയിച്ചത്. ശിവം വളരെ വിദ്യസമ്പന്നനാണ് എന്നാണ് അര്‍ജുന്‍ സിംഗ് പറഞ്ഞത്. വിവാഹത്തിന് ഒരുക്കങ്ങള്‍ നടക്കുന്പോള്‍ തന്നെ ശിവത്തിന് സമ്മാനമായി ഒരു മോട്ടോര്‍ സൈക്കിളും വധുവിന്‍റെ വീട്ടുകാര്‍ സമ്മാനിച്ചിരുന്നു. എന്നാല്‍ വിവാഹത്തിന്‍റെ ദിവസമാണ് കാര്യങ്ങള്‍ മലക്കം മറിഞ്ഞത് എന്ന് അര്‍ജുന്‍ സിംഗ് പറയുന്നു.
ജൂണ്‍ 20 നായിരുന്നു വധുവിന്‍റെ ഗൃഹത്തില്‍ വച്ച് വിവാഹം നടന്നത്. വരനും സംഘവും വധുവിന്‍റെ വീട്ടില്‍ എത്തി. അപ്പോഴാണ് വധുവിന്‍റെ വീട്ടുകാര്‍ വരന്‍ കണ്ണാട ധരിച്ചിരിക്കുന്നത് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അത് വിവാഹ സംഘത്തെ സ്വീകരിക്കുന്ന സമയം മുതല്‍ എല്ലാ സമയത്തും വരന്‍റെ മുഖത്തുണ്ടായിരുന്നു. ഇതോടെ വധു അടക്കം പെണ്‍വീട്ടിലെ സ്ത്രീകള്‍ എല്ലാം സംശയത്തിലായി.
ഇതോടെ വധുഗൃഹത്തിലുള്ളവര്‍ ശിവത്തോട് ഒരു ഹിന്ദി ദിനപത്രം വായിക്കാന്‍ ആവശ്യപ്പെട്ടു. തന്‍റെ മുഖത്തുള്ള കണ്ണാടി മാറ്റിയാണ് വായിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ പരീക്ഷയില്‍ വരനായ ശിവം പരാജയപ്പെട്ടു. അതോടെ കാഴ്ച ശക്തിയില്‍ പ്രശ്നമുള്ള വരനെ തനിക്ക് വേണ്ടെന്ന് വധുവായ അര്‍ച്ചന പ്രഖ്യാപിച്ചു. വധുവിന്‍റെ തീരുമാനത്തിനൊപ്പമായിരുന്നു അവരുടെ വീട്ടുകാരും. ഇതോടെ വിവാഹം മുടങ്ങി. ഒരു ശിവത്തിന്‍റെ കുടുംബവും വധുവീട്ടുകാരുടെ ആവശ്യം അംഗീകരിച്ച് മടങ്ങി.
എന്നാല്‍ പിന്നീട് വരനും, വരന്‍റെ ബന്ധുക്കളും കേസ് നല്‍കി. കല്ല്യാണത്തിന് മുന്‍പ് സമ്മാനമായി നല്‍കിയ മോട്ടോര്‍സൈക്കിളും, കല്ല്യാണ ചിലവും തിരിച്ച് ചോദിച്ചതോടെയാണ് സംഭവം. ഇതിന് വരന്‍റെ വീട്ടുകാര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് അര്‍ച്ചനയുടെ വീട്ടുകാര്‍ പൊലീസില്‍ വഞ്ചന കുറ്റം അടക്കം ആരോപിച്ച് കേസ് നല്‍കി. ഇതില്‍ പൊലീസ് എഫ്ഐആര്‍ ഇട്ടിട്ടുണ്ട്.