‘വിവാഹം കഴിഞ്ഞ് വരൻ വധുവിന്റെ വീട്ടിൽ താമസിക്കട്ടെ..’; ആശയം പറഞ്ഞ് ശ്രീമതി

0
467

വിസ്മയയുടെ മരണം വലിയ ചർച്ചകൾക്കാണ് കേരളത്തിൽ വീണ്ടും തുടക്കമിട്ടത്. പല ആവർത്തി തുടങ്ങി എങ്ങുമെത്താതെ പോവുകയും വീണ്ടും ഇരകൾ ഉണ്ടാവുകയും ചെയ്യുന്ന ഒന്നായി ഇനിയെങ്കിലും ഇത്തരം നീക്കങ്ങൾ മാറരുതെന്ന് അഭ്യർഥിക്കുന്നവരെയും കാണാം. ഇക്കൂട്ടത്തിൽ ഏറെ വ്യത്യസ്ഥമായ ഒരു ആശയം മുന്നോട്ടുവയ്ക്കുകയാണ് മുൻ മന്ത്രി പി.കെ ശ്രീമതി ടീച്ചർ. വിവാഹം കഴിഞ്ഞാൽ വരൻ പെൺകുട്ടിയുടെ വീട്ടിൽ വന്നു താമസിക്കണമെന്നും അങ്ങനെയാണെങ്കിൽ പെൺകുട്ടിക്ക് മാനസിക സംഘർഷവുമുണ്ടാകില്ലെന്നും അവരുടെ ജീവനു സുരക്ഷിതത്വവുമുണ്ടാകുമെന്നും ശ്രീമതി ടീച്ചർ പറയുന്നു.

കുറിപ്പ് വായിക്കാം: ആചാരങ്ങളിൽ മാറ്റം വരണം.  വിവാഹം കഴിഞ്ഞാൽ വരൻ വധുവിന്റെ വീട്ടിലേക്കു വരട്ടെ.  ഞങ്ങളുടെ കണ്ണൂരിൽ മുസ്ലീം കുടുംബങ്ങളിലെ ആചാരം പോലെ. കണ്ണിൽ ചോരയില്ലാത്തവർ. കാട്ടുമ്യഗങ്ങൾ‌ പോലും ലജ്ജിച്ച്‌ തല താഴ്ത്തും.   പെൺകുട്ടികളെ പച്ചക്കു തിന്നുന്ന പിശാചുക്കളെ വെറുതെ വിടരുത്‌.

ധനത്തിനോടും സ്വത്തിനോടുമുള്ള മനുഷ്യരുടെ അത്യാർത്തി തീർക്കാൻ  തികച്ചും നിസ്സഹായരായ പെൺകുട്ടികളെ കുരുതി കൊടുക്കുന്ന കാടത്തം അവസാനിപ്പിച്ചേ തീരൂ.  അപരിചിതമായ ഭർത്ത്യവീട്ടിൽ പൊന്നും പണവുമായി പെൺകുട്ടി എത്തി അവരോടൊപ്പം ജീവിതകാലം മുഴുവൻ ചിലവഴിക്കണം.  അവൾ ജോലി ചെയ്യ്ത്‌ കിട്ടുന്ന വരുമാനവും അവിടെ തന്നെ ചിലവഴിക്കണം.

പെണ്മക്കളെ വളർത്തി പഠിപ്പിച്ച്‌  ഒരു ജോലിയുമായാൽ വിവാഹം.  വിദ്യാഭ്യാസം കുറവാണെങ്കിലും മനസാക്ഷിക്കുത്തില്ലാതെ പെൺപണം ചോദിക്കുന്ന വരന്റെ മാതാപിതാക്കൾ. നിവ്യ്ത്തിയില്ലാതെ കടം വാങ്ങി ആയാലും സ്ത്രീധനവും  കൊടുത്ത്‌ മകളുടെ നെഞ്ചുനിറയെ ആഭരണവും വാങ്ങിയിട്ട്‌  ദുരഭിമാനത്തോടെ ഞെളിഞ്ഞ്‌ നിൽക്കുന്ന വധുവിന്റെ രക്ഷാകർത്താക്കൾ.  ഒന്നോ രണ്ടോ പെണ്മക്കളുണ്ടെങ്കിൽ വിവാഹത്തോടെ വീടും കുടിയും നഷ്ടപ്പെടുന്നവർ കേരളത്തിൽ എത്രയായിരം പേർ?  ഇങ്ങനെ ഭർതൃ വീട്ടിൽ അയക്കപ്പെട്ട പല പെൺകുട്ടികൾക്കും നേരിടേണ്ടിവരുന്നതോ നിന്ദയും അതിക്രൂരമായ പീഢനവും.  ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നീങ്ങുന്ന ഇത്തരം സംഭവങ്ങൾ വർദ്ധിക്കുന്നത്‌ നമുക്ക്‌ ചെറിയ അപമാനമല്ല ഉണ്ടാക്കി വെക്കുന്നത്‌.  ന്യായം നോക്കിയാൽ വരന്റെ വീട്ടുകാർ വധുവിന്റെ മാതാപിതാക്കൾക്കു ആണു പണം കൊടുക്കേണ്ടത്‌.

ഇനി അതല്ലെങ്കിൽ വിവാഹം കഴിഞ്ഞാൽ വരൻ പെൺകുട്ടിയുടെ വീട്ടിൽ വന്നു താമസിക്കട്ടെ. പെൺകുട്ടിക്കു മാനസിക സംഘർഷവുമുണ്ടാകില്ല.  പെൺകുട്ടിയുടെ  ജീവനു സുരക്ഷിതത്വവുമുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here