പൊന്നാനി: ‘ഒരു ഗ്രൂപ്പിൽ ആരെങ്കിലും നിങ്ങളുടെ പ്രൊഫൈൽ ഇടയ്ക്കിടെ നോക്കാറുണ്ടോ എന്നറിയാൻ മുകളിൽ വലതുകോണിലുള്ള മൂന്ന് ഡോട്ടുകളിലേക്കു പോവുക…’ ഇങ്ങനെ തുടങ്ങുന്ന സന്ദേശം വാട്‌സാപ്പിൽ ലഭിച്ചുവോ? ചാടിക്കയറി അതിൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ നിൽക്കേണ്ട, പണികിട്ടും.
കഴിഞ്ഞദിവസംമുതൽ വാട്‌സാപ്പിൽവന്ന ഈ വ്യാജസന്ദേശംമൂലം പണികിട്ടിയത് അനേകം പേർക്കാണ്. ഗ്രൂപ്പിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ വാട്‌സാപ്പ് ഒരുക്കിയ സംവിധാനമാണ് മറ്റൊരുതരത്തിൽ ആളുകൾ ഉപയോഗിച്ചത്. സന്ദേശത്തിൽ പറഞ്ഞപ്രകാരം ചെയ്തുനോക്കിയവർ ആ ഗ്രൂപ്പിൽനിന്ന് പുറത്തുപോവുകയും ചെയ്തു. അപ്പോഴാണ് മിക്കവർക്കും അമളി മനസ്സിലായത്.
ആ ഗ്രൂപ്പിലെ സന്ദേശങ്ങൾ ഡിലീറ്റായിപ്പോവുകയും ചെയ്തു. ഇതോടെയാണ് പറ്റിയ അമളിക്ക് ‘വലിയ വില’ നൽകേണ്ടിവന്നതായി മനസ്സിലായത്. മുകളിലെ വലതുകോണിൽ മൂന്ന് ഡോട്ടുകൾ ഇല്ലാത്തതിനാൽ ഐ-ഫോൺ ഉപയോഗിക്കുന്നവർ വ്യാജസന്ദേശത്തിൽ വീണില്ല.
‘വ്യജസന്ദേശം’ വരുത്തിവെച്ച വിന അവിടെയും തീർന്നില്ല. ഒരു ഗ്രൂപ്പിലെതന്നെ കൂടുതൽപ്പേർ ഇത്തരത്തിൽ ‘റിപ്പോർട്ട്’ ചെയ്താൽ ഗ്രൂപ്പ് പിന്നീട് വാട്‌സാപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാവും. ബ്ലോക്ക് ചെയ്യപ്പടാനും സാധ്യതയുണ്ട്.
ഒരാൾക്ക് അയാൾ അംഗമായ ഒരു വാട്‌സാപ്പ് ഗ്രൂപ്പിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ അക്കാര്യം വാട്‌സാപ്പിനെ അറിയിക്കാനുള്ള സംവിധാനമാണ് റിപ്പോർട്ട്. ഇത്തരം വ്യാജസന്ദേശങ്ങളിൽ വീണുപോകരുതെന്നാണ് പോലീസ് സൈബർ വിഭാഗം നൽകുന്ന മുന്നറിയിപ്പ്.