തൃശ്ശൂര്‍: വഴിയോരത്ത് നിന്ന് കളഞ്ഞുകിട്ടിയ പഴ്‌സിനുള്ളില്‍ നിന്ന് ലഭിച്ച സത്യവാങ്മൂലത്തില്‍ കണ്ട നമ്പര്‍ തേടി വിളിച്ചപ്പോള്‍ കാലിപഴ്‌സ് ആണെന്ന് പറഞ്ഞ ഉടമയ്ക്ക് പറ്റിയത് വന്‍ അമളി. പോലീസ് പഴ്‌സ് അരിച്ചുപറുക്കി നോക്കുന്നതിനിടെ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന തങ്കത്തകിട് കണ്ടെത്തിയതോടെയാണ് നാടകീയ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്.
ഉടമയെ വിളിച്ചു വരുത്തി തകിട് കാണിചപ്പോഴാണ് അക്കാര്യം കക്ഷിക്ക് ഓര്‍മ്മ വന്നത്. മഴ നനഞ്ഞു കുതിര്‍ന്ന നിലയിലൊരു പഴ്‌സ് റോഡില്‍ കിടക്കുന്നത് അതുവഴിയെത്തിയ ഒരു ചെറുപ്പക്കാരനാണ് കണ്ടത്. പോലീസുകാര്‍ക്ക് പഴ്‌സ് കൈമാറുകയും ചെയ്തു. അതിനുള്ളിലുണ്ടായിരുന്ന സത്യവാങ്മൂലത്തില്‍ പേരും ഫോണ്‍ നമ്പറും ഉണ്ടായിരുന്നു. ഇതില്‍ വിളിച്ചപ്പോഴാണ് പഴ്‌സില്‍ കാര്യമായി ഒന്നുമില്ലെന്ന മട്ടില്‍ ഉടമ പ്രതികരിച്ചത്.
എന്നാല്‍, ഉള്ളറ പരിശോധിച്ചപ്പോള്‍ കടലാസില്‍ പൊതിഞ്ഞ എന്തോ വസ്തു പോലീസുകാരുടെ കൈയ്യില്‍ തടഞ്ഞു. തുറന്നു നോക്കിയപ്പോഴാണ് 40 ഗ്രാം തൂക്കമുള്ള തങ്കത്തകിട് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ പഴ്‌സുടമയെ പോലീസ് വിളിച്ചുവരുത്തി. ചേലക്കോട്ടുകര സ്വദേശിയായ ഇദ്ദേഹം സ്വര്‍ണാഭരണ നിര്‍മാണശാലയുടെ ഉടമയാണ്. പഴ്‌സിനുള്ളില്‍ സ്വര്‍ണം വെച്ചിരുന്ന കാര്യം മറന്നു പോയതാണെന്ന് ഇയാള്‍ അറിയിച്ചു. ശേഷം തകിട് ഉടമയ്ക്ക് തന്നെ പോലീസ് കൈമാറി.