ഈ മഹാമാരിക്കാലം ആളുകളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും ആണ് ആളുകള്‍ഇന്റര്‍നെറ്റ് ഏറ്റവും അധികം ഉപയോഗിച്ചിട്ടുള്ളത്. ലോക്ക്ഡൗണ്‍ കാലത്തു വീട്ടില്‍ അടച്ചിരിക്കുന്നതുകൊണ്ടു സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗവും വര്‍ധിച്ചിട്ടുണ്ട്. പുതിയതായി യൂട്യൂബ് ചാനലുകള്‍ തുറന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
കേരളത്തില്‍ഇന്റര്‍നെറ്റ്ഉപഭോക്താക്കളില്‍ 39 ശതമാനവും 16 മുതല്‍ 35 വരെ പ്രായമുള്ളവരാണെന്നു കേരള ഓപ്പണ്‍ സര്‍വേ സംരംഭം നടത്തിയ കണക്കെടുപ്പില്‍ കണ്ടെത്തി. മഹാമാരികാലത്തെ ലോക്ക്ഡൗണ്‍ സമയത്താണ് അവര്‍ ഈ സര്‍വേ നടത്തിയത്. ഓണ്‍ലൈന്‍ ക്ലാസ്സുകളും വര്‍ക്ക് ഫ്രം ഹോം സ്ഥിതിയും ആണ് യുവാക്കളെ ഇന്റര്‍നെറ്റില്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ നിര്‍ബന്ധിതരാക്കിയത്.
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ നാല് മുതല്‍ 10 വരെ പ്രായമുള്ളവരുടെ എണ്ണവും കൂടിയിട്ടുണ്ട്. 10 ശതമാനത്തില്‍ എത്തിനില്‍ക്കുന്ന ഈ കണക്ക് കേരളത്തിലെ പ്രാഥമിക വിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയപ്പോള്‍ ഉണ്ടായതാണ്. സര്‍വേ കണക്കു പ്രകാരം 11 മുതല്‍ 15 വരെ പ്രായമുള്ളവര്‍ 10 ശതമാനവും 16 മുതല്‍ 21 വരെ പ്രായമുള്ളവര്‍ 13 ശതമാനവും 22 മുതല്‍ 35 വരെ പ്രായമുള്ളവര്‍ 26 ശതമാനവും 36 മുതല്‍ 50 വരെ പ്രായമുള്ളവര്‍ 19 ശതമാനവും 51 മുതല്‍ 60 വരെ പ്രായമുള്ളവര്‍ 16 ശതമാനവും 60 നു മുകളില്‍ പ്രായമുള്ളവര്‍ 6 ശതമാനവും ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ആണ്.
2021 ജനുവരിയില്‍ ഇന്ത്യയില്‍ 624.0 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ടായിരുന്നു. 2020 നും 2021 നും ഇടയില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 47 ദശലക്ഷം (+ 8.2%) വര്‍ദ്ധിച്ചു.
ഡാറ്റാ റിപ്പോര്‍ട്ടല്‍ പറയുന്ന കണക്കനുസരിച്ചു 2021 ജനുവരിയില്‍ ഇന്ത്യയില്‍ 448.0 ദശലക്ഷം സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ ഉണ്ടായിരുന്നു. 2020 നും 2021 നും ഇടയില്‍ ഇന്ത്യയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 78 ദശലക്ഷം (+ 21%) വര്‍ദ്ധിച്ചു. ഇന്ത്യയിലെ സാമൂഹ്യ മാധ്യമ ഉപയോക്താക്കളുടെ എണ്ണം 2021 ജനുവരിയിലെ മൊത്തം ജനസംഖ്യയുടെ 32.3 ശതമാനത്തിന് തുല്യമായിരുന്നു.