മൾട്ടി ഡിവൈസ്​, വ്യൂ വൺസ്​, ഡിസപ്പിയറിങ്​ മോഡ്​; വാട്​സ്​ആപ്പിലേക്ക്​ വരുന്ന മൂന്ന്​ കിടിലൻ ഫീച്ചറുകൾ പരിചയപ്പെടാം

0
317

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള മെസ്സേജിങ്​ ആപ്പാണ്​ വാട്​സ്​ആപ്പ്​. അവരുടെ വിവാദ സ്വകാര്യതാനയത്തിനെതിരെ ഉയർന്ന വലിയ പ്രതിഷേധവും സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കേന്ദ്ര സർക്കാരി​െൻറ പുതിയ ഐ.ടി നിയമവുമൊക്കെ വാടസ്​ആപ്പിന്​ വലിയ പ്രതിസന്ധിയാണ്​ രാജ്യത്ത്​ സൃഷ്​ടിച്ചത്​​. എന്നാൽ, ഇന്ത്യയിലടക്കം ആഗോളതലത്തിൽ തങ്ങൾക്കുള്ള ഭീമമായ യൂസർ ബേസിനെ നിലനിർത്താനായി വാട്​സ്​ആപ്പ്​ കിടിലൻ ഫീച്ചറുകളാണ്​ ഒാരോ വർഷവും ആപ്പിൽ ഉൾ​കൊള്ളിക്കാറുള്ളത്​. അത്തരത്തിൽ മൂന്ന്​ പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്​ കമ്പനി.

മൂന്ന് പുതിയ സവിശേഷതകൾ വാട്ട്‌സ്ആപ്പിലേക്ക് വരുന്നുണ്ടെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗും വാട്‌സ്ആപ്പ് തലവൻ വിൽ കാത്​കാർട്ടുമാണ്​ വാട്​സ്​ആപ്പ്​ ബീറ്റ ഇൻഫോയോട്​ (WABetaInfo) സ്ഥിരീകരിച്ചത്​. ഡിസപ്പിയറിംഗ്​ മോഡ്​, വ്യൂ വൺസ്​, മൾട്ടി ഡിവൈസ്​ എന്നീ സവിശേഷതകളാണ്​ വൈകാതെ യൂസർമാരിലേക്ക്​ എത്താൻ പോകുന്നത്​.

കഴിഞ്ഞ വർഷം വാട്​സ്​ആപ്പ്​ പുറത്തുവിട്ട ഡിസപ്പിയറിങ്​ മെസ്സേജസ്​ എന്ന സവിശേഷതയിൽ നിന്നും ചെറിയൊരു മാറ്റത്തോടെയാണ്​ ഡിസപ്പിയറിങ്​ മോഡ്​ എത്തുന്നത്​. നേരത്തെ ഒരേ ചാറ്റിലും ഗ്രൂപ്പുകളിലും ​പ്രത്യേകമായി നൽകിയ ഇൗ ഫീച്ചർ, ഇനി വാട്​സ്​ആപ്പി​െൻറ പ്രധാന സെറ്റിങ്​സിൽ ‘ഡിസപ്പിയറിങ്​ മോഡ്’ എന്ന പേരിൽ​ തന്നെ ലഭ്യമാക്കും. അത്​ ഒാൺ ചെയ്​താൽ മുഴുവൻ ചാറ്റിലും മെസ്സേജുകൾ അപ്രത്യക്ഷമാവുന്ന ഫീച്ചർ ഒരേ സമയം ആക്​ടീവാകും.

യൂസർമാർ അയക്കുന്ന സന്ദേശം അത്​ ലഭിച്ച വ്യക്​തി ഒരുതവണ കണ്ടതിന്​ ശേഷം അപ്രത്യക്ഷമായിപ്പോകുന്ന ഫീച്ചറാണ്​ ‘വ്യൂ വൺസ്​’. നാമയക്കുന്ന ടെക്​സ്റ്റ്​ മെസ്സേജുകൾ, ഫോ​േട്ടാ, വിഡിയോ എന്നിവ സ്വീകർത്താവിന്​ ചാറ്റിൽ നിന്ന് അപ്രത്യക്ഷമാകുന്നതിന് മുമ്പ് ഒരു തവണ തുറക്കാൻ കഴിയും. അതേസമയം, അയച്ച സന്ദേശം സ്​ക്രീൻഷോട്ട്​ എടുക്കാൻ കഴിയുമെന്ന മുന്നറിയിപ്പും മാർക്ക്​ സുക്കർബർഗ്​ നൽകുന്നുണ്ട്​.

ഒരേ സമയം ഒരു നമ്പറിലുള്ള വാട്​സ്​ആപ്പ്​ പല ഉപകരണങ്ങളിൽ ഉപയോഗിക്കാനാവുന്ന ഫീച്ചറാണ്​ മൾട്ടി ഡിവൈസ്​ സപ്പോർട്ട്​. ഇൗ ഫീച്ചർ വാട്​സ്​ആപ്പ്​ കഴിഞ്ഞ കുറച്ചുകാലമായി ടെസ്റ്റ്​ ചെയ്​തുവരികയായിരുന്നു. രണ്ട്​ മാസങ്ങൾക്കുള്ളിൽ പബ്ലിക്​ ബീറ്റ വേർഷനായി ആളുകൾക്ക്​ ലഭ്യമാക്കി തുടങ്ങും. പ്രധാന ഡിവൈസിൽ ഇൻറർനെറ്റ്​ കണക്ഷൻ ഇല്ലെങ്കിലും അതുവഴി സൈൻ-ഇൻ ചെയ്​ത മറ്റുള്ള ഉപകരണങ്ങളിൽ വാട്​സ്​ആപ്പ്​ തടസ്സമില്ലാതെ ഉപയോഗിക്കാം എന്നതാണ്​ ഇൗ ഫീച്ചർ നൽകുന്ന ഏറ്റവും മികച്ച സൗകര്യം. ഇൗ ഫീച്ചർ വരുന്നതോടെ ഒരേ സമയം നാല്​ ഡിവൈസുകളിൽ വാട്​സ്​ആപ്പ്​ ഉപയോഗിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here