മാലിന്യപ്രശ്നത്തിൽ വലഞ്ഞ് മഞ്ചേശ്വരം; സംസ്കരണത്തിന് സംവിധാനമില്ല

0
420

മഞ്ചേശ്വരം : സംസ്കരണത്തിന് സംവിധാനമില്ലാത്തതിനാൽ മഞ്ചേശ്വരത്ത് മാലിന്യപ്രശ്നം രൂക്ഷം. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച മാലിന്യം പഞ്ചായത്ത് മൈതാനത്തിന്റെ സ്റ്റേജിൽ കൂട്ടിയിട്ടതിനെത്തുടർന്ന് വലിയ പ്രതിഷേധമാണ് കഴിഞ്ഞദിവസമുണ്ടായത്. സംസ്കരണത്തിന് ശാസ്ത്രീയസംവിധാനമില്ലാത്തതിനാൽ നാട്ടുകാർ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നു.

ദേശീയപാതയോരത്തും മറ്റ് പൊതുസ്ഥലങ്ങളിലും അലക്ഷ്യമായി മാലിന്യം കൂട്ടിയിടുന്നത് പതിവാണ്. ദുർഗന്ധം സഹിക്കാനാവാതെ നാട്ടുകാർ എതിർപ്പുയർത്തുമ്പോൾ താത്കാലികമായി അവ മണ്ണിട്ട് മൂടുകയോ നീക്കം ചെയ്യുകയോ മാത്രമാണ് ചെയ്തുവരുന്നത്. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി പല വാർഡുകളിലും ശുചീകരണം നടന്നിരുന്നു. പ്ലാസ്റ്റിക് മാലിന്യവും പ്ലാസ്റ്റിക് ഇതര മാലിന്യങ്ങളും പ്രത്യേകം ശേഖരിക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും പലയിടത്തും എല്ലാം ഒന്നിച്ച് ശേഖരിക്കുകയായിരുന്നു. പഞ്ചായത്ത് ഗ്രൗണ്ടിലെ സ്റ്റേജിലാണ് ഈ മാലിന്യം ശേഖരിച്ചുവെച്ചത്. ഇതാണ് നാട്ടുകാരുടെ എതിർപ്പിനിടയാക്കിയത്. തുടർന്ന് ഇവ നീക്കം ചെയ്ത് വാണിജ്യനികുതി ചെക്പോസ്റ്റിന് സമീപം കുഴിയെടുത്ത് മൂടാൻ തീരുമാനിച്ചെങ്കിലും അവിടെയും നാട്ടുകാർ എതിർപ്പുമായി രംഗത്തുവന്നു. ആഴ്ചകളായി ഈ പ്രദേശത്ത് കൂട്ടിയിട്ട മാലിന്യം മാത്രം ഇവിടെ സംസ്കരിച്ചാൽ മതിയെന്ന നാട്ടുകാരുെടെ നിർബന്ധത്തിന് വഴങ്ങി പുറത്തുനിന്ന് കൊണ്ടുവന്നവ തിരിച്ചയച്ചു.

മാലിന്യപ്രശ്നം സംഘർഷാവസ്ഥയിലേക്ക് എത്തുന്ന സാഹചര്യമാണുണ്ടായത്. പോലീസെത്തി ചർച്ച നടത്തിയാണ് പ്രശ്നം താത്കാലികമായി പരിഹരിച്ചത്.

പദ്ധതികൾ ഫലം കണ്ടില്ല

മാലിന്യസംസ്കരണത്തിനുവേണ്ടി ഒട്ടേറെ പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പാക്കിയെങ്കിലും ഒന്നും ഫലം കാണാത്ത സ്ഥിതിയാണുള്ളത്. വർഷങ്ങൾക്ക് മുൻപ് മച്ചംപാടി ഭാഗത്ത് മാലിന്യസംസ്കരണ പ്ലാന്റ് നിർമിക്കാൻ തീരുമാനിച്ചിരുന്നു. കെട്ടിടനിർമാണം തുടങ്ങിയെങ്കിലും പാതിവഴിയിൽ ഇത് നിലച്ചു.

രണ്ടുവർഷം മുൻപ് ഹരിതകർമസേനയുടെ നേതൃത്വത്തിൽ മാലിന്യം ശേഖരിക്കാൻ നടപടിയെടുത്തിരുന്നു. എന്നാൽ നിലവിൽ ഇത് നിർജീവമാണ്. ഗേരുക്കട്ടയിൽ പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കുന്നതിനായി പ്രത്യക സംവിധാനമുണ്ടാക്കിയെങ്കിലും കാര്യക്ഷമമായി പ്രവർത്തിക്കാത്ത സ്ഥിതിയാണുള്ളത്. മാലിന്യസംസ്കരണത്തിന് ശാസ്ത്രീയസംവിധാനമുണ്ടായാലേ രൂക്ഷമായ മാലിന്യപ്രശ്നത്തിൽനിന്ന് മഞ്ചേശ്വരത്തിന് മോചനമുണ്ടാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here