ഛണ്ഡീഗഢ്: മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയുമായി പഞ്ചാബിലെ മോഗ ഗ്രാമം. ഗ്രാമത്തിലെ നാല് മുസ്ലിം കുടുംബങ്ങള്‍ക്ക് പള്ളി നിര്‍മ്മിക്കാനായി ജാതിമത വ്യത്യാസമില്ലാതെ ഗ്രാമവാസികള്‍ ഒന്നിച്ചിറങ്ങി. വിഭജനകാലത്തും പാകിസ്ഥാനിലേക്ക് പോകാതെ ഇന്ത്യയില്‍ തന്നെ നിന്ന കുടുംബങ്ങള്‍ക്കാണ് ഗ്രാമം പള്ളി നിര്‍മ്മിച്ച് നല്‍കുന്നത്.
നൂറു രൂപമുതല്‍ ഒരു ലക്ഷം രൂപവരെ പള്ളിനിര്‍മ്മാണത്തിന് സംഭാവന നല്‍കി ആളുകള്‍ മുന്നോട്ടുവന്നു. ഞായറാഴ്ചയാണ് പള്ളി നിര്‍മ്മാണത്തിന് തറക്കല്ലിട്ടത്. വലിയ ചടങ്ങ് നടത്താന്‍ പദ്ധതിയിട്ടെങ്കിലും കനത്ത മഴകാരണം പരിപാടി നടത്താന്‍ സാധിച്ചില്ല. പിന്നീട് ചടങ്ങ് ഗുരുദ്വാരയിലേക്ക് മാറ്റി. പള്ളി നിര്‍മ്മാണ തറക്കല്ലിടല്‍ ചടങ്ങ് നടത്താന്‍ ഗുരുദ്വാര സിഖ് മത വിശ്വാസികള്‍ തുറന്നുകൊടുത്തു.
”വിഭജനത്തിന് മുമ്പ് ഇവിടെ പള്ളിയുണ്ടായിരുന്നു. പിന്നീട് അത് നശിച്ചു. ഇപ്പോള്‍ ഗ്രാമത്തില്‍ നാല് മുസ്ലിം കുടുംബങ്ങളുണ്ട്. വിഭജനത്തിന് ശേഷവും ഇവിടെ തുടരുകയായിരുന്നു ഇവര്‍. ഗ്രാമത്തില്‍ ജാതിമത വ്യത്യാസമില്ലാതെ സിഖുകാരും ഹിന്ദുക്കളും മുസ്ലീങ്ങളും ജീവിക്കുകയാണ്. ഏഴ് ഗുരുദ്വാരകളും രണ്ട് ക്ഷേത്രങ്ങളും ഗ്രാമത്തില്‍ ഉണ്ട്. മുസ്ലീങ്ങള്‍ക്കായി ഒരു ആരാധാനാലയം എന്നത് ഗ്രാമവാസികളാണ് മുന്നോട്ടുവെച്ചത്. അങ്ങനെയാണ് പള്ളി പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്”-ഗ്രാമത്തലവന്‍ പാലാ സിങ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.