കാസർകോട് ∙ കുമ്പള പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പ്രവർത്തിച്ചു വരുന്ന മഞ്ചേശ്വരം ഐഎച്ച്ആർഡി കോളജ് പുതിയ ക്യാംപസിലേക്കു മാറ്റും. ഇതിനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് നിയമസഭയിൽ സബ്മിഷനു മറുപടിയായി മന്ത്രി ആർ.ബിന്ദു വ്യക്തമാക്കിയതായി എ.കെ.എം.അഷറഫ് എംഎൽഎ പറഞ്ഞു. കുമ്പള ടൗണിൽ കുണ്ടംകാറഡുക്കയിൽ പണിതു കൊണ്ടിരിക്കുന്ന പുതിയ കെട്ടിടത്തിലേക്കാണ് കോളജ് മാറ്റുക. 2009ൽ ആരംഭിച്ച കോളജ് ഇത്ര കാലവും പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണു പ്രവർത്തിച്ചു വന്നിരുന്നത്.കുണ്ടംകാറഡുക്കയിൽ 2 ഏക്കർ സ്ഥലത്താണ് കോളജിന്റെ കെട്ടിടം പണിതത്.
അക്കാദമിക് കെട്ടിടത്തിന്റെയും മെയ്ൻ ബ്ലോക്കിന്റെയും പണിയാണ് ഇപ്പോൾ പൂർത്തിയായത്.കോളജിന്റെ പ്രധാന കെട്ടിടത്തിന്റെ പ്രവൃത്തികൾ പൂർത്തീകരിച്ചു. വൈദ്യുതീകരണ പ്രവൃത്തികൾക്കുള്ള നടപടികൾ മരാമത്ത് വകുപ്പു സ്വീകരിച്ചു വരികയാണ്. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചുള്ള അക്കാദമിക് കെട്ടിടത്തിന്റെ നിർമാണവും പൂർത്തിയായിട്ടുണ്ട്. പ്രധാന കെട്ടിടത്തിന്റെ രണ്ടാം ഘട്ട നിർമാണത്തിനായി 1.10 കോടിയുടെ ഭരണാനുമതി ലഭിക്കുകയും പ്രസ്തുത തുക പൊതുമരാമത്ത് വകുപ്പിനു കൈമാറുകയും ചെയ്തിട്ടുണ്ട്.
ക്ലാസ് മുറികൾ ഉൾപ്പെടെയുള്ള അടിസ്ഥാന ഭൗതിക സൗകര്യത്തിനായി 3 കോടിയുടെ ഭരണാനുമതി ലഭ്യമാക്കുന്ന വിഷയം സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചതായി എംഎൽഎ പറഞ്ഞു. ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബികോം, എംഎസ്‌സി ഇലക്ട്രോണിക്സ്, എംഎസ്‌സി കംപ്യൂട്ടർ സയൻസ് കോഴ്സുകളാണ് നിലവിൽ കോളജിലുള്ളത്.