മംഗളൂരു : മൂന്നുലക്ഷം രൂപ വിലവരുന്ന ചന്ദനമുട്ടികളും ഉടുമ്പിനെയും വിൽക്കാനുള്ള ശ്രമത്തിനിടെ മലയാളി ഉൾപ്പെടെ രണ്ടുപേർ ബണ്ട്വാളിൽ അറസ്റ്റിലായി. മലയാളി ഉൾപ്പെടെ മറ്റു രണ്ടുപേർ ഓടിരക്ഷപ്പെട്ടു. മഞ്ചേശ്വരം വൊർക്കാടി സ്വദേശി ഇബ്രാഹീം (48), മംഗളൂരു ബണ്ട്വാൾ ഇറ സ്വദേശി മൊയ്തീൻ (55) എന്നിവരെയാണ് വനംവകുപ്പുദ്യോഗസ്ഥർ അറസ്റ്റുചെയ്തത്.
വൊർക്കാടിയിലെ സിദ്ദീഖ്, കൊരഗ് സിദ്ദീഖ് എന്നിവരാണ് ഓടിരക്ഷപ്പെട്ടത്. ചെറുകഷണങ്ങളാക്കി ചാക്കിലാണ് ചന്ദനമുട്ടികൾ സൂക്ഷിച്ചിരുന്നത്. ഇതിന് വിപണിയിൽ മൂന്നുലക്ഷം രുപ വിലവരുമെന്ന് ഫോറസ്റ്റധികൃതർ അറിയിച്ചു. ഒരു കാട്ട് ഉടുമ്പിനെയും മരം മുറിക്കാനുള്ള ആയുധങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ഫോറസ്റ്റ് റേഞ്ച് ഓഫീസർ രാജേഷ് ബാലിഗറിന്റെ നിർദേശത്തെത്തുടർന്ന് ഫോറസ്റ്റ് ഓഫീസർമാരായ യശോദർ, എസ്.പ്രീതം, ബാസപ്പ ഹെലിഗെരെ, വനംവകുപ്പ് ഉദ്യോഗസ്ഥരായ പി.ജിതേഷ്, ഷോബിത്, ദയാനന്ദ് എൻ.രേഖ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടിച്ചത്.