മംഗളൂരു : പാസ്‌പോർട്ട് കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി രാജ്യത്ത് തങ്ങിയ ഒമാൻ സ്വദേശിയടക്കം രണ്ടുപേർ മയക്കുമരുന്നുമായി മംഗളൂരുവിൽ പിടിയിൽ. ഒമാൻ സ്വദേശി അഹമ്മദ് മുഹമ്മദ് മുസാഫ അൽ മഹമാനി (34), ഹിമാചൽ പ്രദേശ് സ്വദേശി റാം (22) എന്നിവരെയാണ് മംഗളൂരു നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 51 ഗ്രാം കഞ്ചാവും രണ്ടുഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്തു.
വിനോദസഞ്ചാര വിസയിൽ ഗോവ സന്ദർശിക്കാനെത്തിയ അഹമ്മദ് പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തങ്ങുകയായിരുന്നുവെന്ന് സിറ്റി പോലീസ് കമ്മിഷണർ എൻ.ശശികുമാർ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതോടെ മംഗളൂരുവിലെത്തി ഹോട്ടലിൽ താമസിച്ച് സ്വകാര്യ ആസ്പത്രിയിൽ ഫിസിയോ തെറാപ്പി ചെയ്തുവരികയായിരുന്നു. പിടിയിലായ റാമും ഹോട്ടലിൽ ഇയാൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇരുവരെയും ഹോട്ടൽ മുറിയിൽവെച്ചാണ് അറസ്റ്റ് ചെയ്തത്. കാലഹരണപ്പെട്ട പാസ്പോർട്ടുമായി രാജ്യത്ത് തങ്ങിയതിനും ഒമാൻ സ്വദേശിക്കെതിരേ കേസെടുത്തിട്ടുണ്ട്.