കൊവിഡ് വ്യാപനവും ലോക്ക് ഡൗണും കൊണ്ട് ജനം വലയുമ്പോഴും ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടിലൂടെ പണം തട്ടുന്ന സംഘങ്ങൾ സജീവം. കഴിഞ്ഞ ഒന്ന് -രണ്ട് മാസത്തിനിടയിൽ ഇത്തരം വ്യാജ അക്കൗണ്ടുകളിൽനിന്നുവന്ന ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിച്ചവരെ സ്വാധീനിച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ അനുഭവം നിരവധി പേർക്കുണ്ടായി.
ഈ ലോക്ക് ഡൗൺ കാലത്ത് നിരവധി പേരാണ് വഞ്ചിക്കപ്പെട്ടത്. ഒരു വ്യക്തിയുടെ പ്രൊഫൈൽ ഫോട്ടോ മോഷ്ടിച്ച് അയാളുടെ വ്യാജ അക്കൗണ്ട് നിർമ്മിച്ച് ഫ്രണ്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരെ അതിലേക്ക് ക്ഷണിക്കുകയാണ് ആദ്യം. ഫ്രണ്ട്സ് ലിസ്റ്റ് തയ്യാറാക്കി കഴിഞ്ഞാൽ മെസഞ്ചറിലൂടെ സുഖവിവരങ്ങൾ ചോദിച്ച് കൂടുതൽ സൗഹൃദം ഉറപ്പാക്കും. ശേഷം വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം ആവശ്യപ്പെടുന്നതാണ് രീതി. വ്യാജ അക്കൗണ്ടാണെന്നറിയാതെ പരിചയത്തിന്റെ പേരിൽ പണം നൽകി വഞ്ചിതരാവുകയാണ് പലരും.
കഴിഞ്ഞ ദിവസം പരിയാരം സ്വദേശിയായ റിട്ട. അദ്ധ്യാപകന്റെ ഫോട്ടോയും യാഥാർത്ഥ ഫേസ്ബുക്ക് എെഡിയിലെ സ്ഥലവും പേരും ഉപയോഗിച്ച് നിരവധി പേർക്ക് ഫ്രണ്ട് റിക്വസ്റ്റും മെസേജുമെത്തി. ഫോൺപേയോ ഗൂഗിൾപേയോ വഴി അത്യാവശ്യമായി 8000 രൂപ ആവശ്യമുണ്ടെന്നാണ് ഒരാൾക്ക് ലഭിച്ച മെസേജ്. ഫ്രണ്ടിന്റെ മകൻ ആശുപത്രിയിലാണ് 10,000 രൂപ അയച്ചു തരണമെന്നാണ് മറ്റ് ചിലർക്ക് ലഭിച്ച് മെസേജ്. ഇത്തരത്തിൽ വിവിധ കാരണങ്ങൾ പറഞ്ഞ് 15,000വും 20,000 വുമെല്ലാം പലരോടായി ആവശ്യപ്പെട്ടു. സംശയം തോന്നിയ ചിലർ ഗൂഗിൾപേ നമ്പറിൽ വിളിച്ച് നോക്കിയപ്പോൾ ഫോൺ സ്വിച്ച് ഒാഫാക്കിയ നിലയിലായിരുന്നു. വാട്സ് ആപ്പിലും നമ്പർ ലഭ്യമല്ല. ട്രൂ കോളറിൽ സ്ഥലം അസ്സം ആണ് കാണിച്ചത്.
പയ്യന്നൂർ സ്വദേശിയായ മദ്ധ്യവയസ്ക്കൻ ഉൾപ്പെടെ പലർക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ട്. സുഹൃത്ത് ആശുപത്രിയിലാണ് അത്യാവശ്യമായി 8000 രൂപ വേണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ പേരിൽ ലഭിച്ച മെസ്സേജ്. സംശയം തോന്നുന്ന ചില സുഹൃത്തുക്കൾ വിളിച്ച് അന്വേഷിക്കുമ്പോഴാണ് യാഥാർത്ഥ വ്യക്തി സംഭവം അറിയുന്നത്. മെസേജ് അയച്ചതായി വിവരം ലഭിച്ചിട്ടില്ലെങ്കിലും ഇത്തരത്തിൽ സ്വന്തം പേരിലുള്ള വ്യാജ അക്കൗണ്ടുകൾ നിരവധി പേരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം കണ്ണൂർ ആർ.ടി.ഒയുടെയും കഴിഞ്ഞ വർഷം ചില പൊലീസ് ഉദ്യോഗസ്ഥരുടെയും പേരിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി പണം തട്ടാൻ ശ്രമം നടന്നിട്ടുണ്ട്. ഇപ്പോൾ സാധാരണക്കാർക്കും തലവേദനയാവുകയാണ് ഈ ഫേസ്ബുക്ക് വ്യാജന്മാർ.
സ്വയം സൂക്ഷിക്കണം
ഇത്തരം കേസുകളിൽ പൊലീസിന്റെ അന്വേഷണം പലപ്പോഴും ഉത്തരേന്ത്യൻ സ്വദേശികളിലേക്കാണ് എത്തുന്നത്. വ്യാജ എെഡി ഉപയോഗിച്ചാണ് ഇത്തരം അക്കൗണ്ടുകൾ ഉണ്ടാക്കുന്നതെന്നതിനാൽ അന്വേഷണം എങ്ങുമെത്താറില്ല. പണം ആവശ്യപ്പെടുകയാണെങ്കിൽ യഥാർത്ഥ വ്യക്തിയെ നേരിട്ട് വിളിച്ച് ഉറപ്പുവരുത്തുകയെന്നതാണ് ഏറ്റവും നല്ല മാർഗമെന്ന് പൊലീസ് പറയുന്നു. വ്യാജ എെഡിയിലെ മെസേജുകളോട് പ്രതികരിക്കാതിരിക്കുക. വ്യക്തിപരമായ വിവരങ്ങൾ സമൂഹമാദ്ധ്യമങ്ങളിലെയും മറ്റും അപരിചിതർക്ക് ഒരിക്കലും കൈമാറാതിരിക്കുക എന്നീ നിർദ്ദേശങ്ങളും പൊലീസ് മുന്നോട്ടുവയ്ക്കുന്നു.