ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരേ ഫാഷിസ്റ്റുകളും അവരുടെ വക്താക്കളും നടത്തുന്ന വ്യാജപ്രചരണങ്ങളെ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുമെന്നും അവയെ ശക്തമായി ചെറുക്കുമെന്നും ചെയര്‍മാന്‍ ഒ എം എ സലാം. ബിജെപിയും അവരുടെ വ്യാജവാര്‍ത്താസംഘങ്ങളും പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിട്ട് വീണ്ടും കള്ളകഥകള്‍ പ്രചരിപ്പിക്കുകയാണ്. സംഘപരിവാറുമായി ബന്ധപ്പെട്ട ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളിലാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ കുടുതലായി വരുന്നതെന്നത് ഫാഷിസ്റ്റ് ശക്തികളുടെ ആസൂത്രണ സ്വഭാവത്തെയാണ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ഇതിലൊന്ന് സംഘടനയ്ക്ക് ചാരിറ്റബില്‍ ട്രസ്‌റ്റെന്ന നിലയില്‍ ലഭിച്ചുകൊണ്ടിരുന്ന ആദായനികുതി ഇളവ് റദ്ദാക്കിയതാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഐടി വകുപ്പെടുത്ത തീരുമാനമാണിത്. വിഷയത്തിന്റെ രാഷ്ട്രീയസ്വഭാവം വ്യക്തമായതോടെ സംഘടന ഇക്കാര്യത്തില്‍ അന്ന് തന്നെ കോടതിയെ സമീപിച്ചിരുന്നു.എന്നാല്‍, മാസങ്ങള്‍ പഴക്കമുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുതിയതെന്ന രീതിയില്‍ ചില മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ഇത് സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ മനപ്പൂര്‍വം നടത്തുന്ന നീക്കമാണ്.