ന്യൂസിലന്‍ഡിനും ഇന്ത്യക്കും ലഭിക്കാന്‍ പോകുന്ന സമ്മാനത്തുക എത്ര?

0
371

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ വിജയികളായി ന്യൂസിലന്‍ഡ് മാറിയിരിക്കുകയാണ്. ആവേശകരമായ മത്സരത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിനാണ് കെയ്ന്‍ വില്യംസണും സംഘവും തകര്‍ത്തത്. രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി ഏഴ് വിക്കറ്റുകള്‍ പിഴുത കെയ്ല്‍ ജാമിസണ്‍ ആണ് കളിയിലെ താരം. രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ വില്യംസണിന്റെ പ്രകടനം കിവീസിന് വിജയം അനായാസമാക്കി. വിജയികള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുക എത്രയെന്ന ചര്‍ച്ചകളും ഇതോടെ സജീവമായിരിക്കുകയാണ്. എന്നാല്‍ മുന്നേ തന്നെ വിജയികള്‍ക്കുള്ള സമ്മാനത്തുക അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചിരുന്നു.

ഫൈനലില്‍ ജയിച്ചിരിക്കുന്ന ന്യൂസിലന്‍ഡ് ടീമിന് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മേസും 16 ലക്ഷം ഡോളറുമാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാരായ ഇന്ത്യന്‍ ടീമിന് എട്ട് ലക്ഷം ഡോളര്‍ സമ്മാനത്തുകയായി ലഭിക്കും. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത മറ്റു ഒമ്പത് ടീമുകളില്‍ നിന്ന് മൂന്നാം സ്ഥാനത്തെത്തിയ ടീമിന് 450,000 ഡോളറും, നാലാം സ്ഥാനക്കാര്‍ക്ക് 350,000 ഡോളറും സമ്മാനമായി നല്‍കും.

അഞ്ചാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം ഡോളറും ബാക്കി ഒമ്പത് വരെയുള്ള സ്ഥാനക്കാര്‍ക്ക് ഓരോ ലക്ഷം ഡോളര്‍ വീതവും സമ്മാനമായി ലഭിക്കുന്നതാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സമനിലയില്‍ അവസാനിച്ചാല്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കുള്ള സമ്മാനത്തുക ഇരു ടീമുകള്‍ക്കും തുല്യമായി വീതിച്ചു നല്‍കുമെന്നായിരുന്നു ഐ സി സിയുടെ തീരുമാനം. മത്സരം സമനിലയില്‍ ആയിരുന്നെങ്കില്‍ ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്കുള്ള മേസ് കൈവശം വെക്കാന്‍ ഇരു ടീമുകള്‍ക്കും അവകാശമുണ്ടായിരുന്നേനെ.

ക്രിക്കറ്റിലെ നീളം കൂടിയ ഫോര്‍മാറ്റ് ആയ ടെസ്റ്റ് ക്രിക്കറ്റിന് ഇതുവരെയും ഐ സി സിയുടെ ഒരു ടൂര്‍ണമെന്റ് ഉണ്ടായിരുന്നില്ല. നേരത്തെ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനം ഐ സി സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിനിയാരുന്നു ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മേസ് കൈമാറിയിരുന്നത്. പരിമിത ഓവര്‍ ഫോര്‍മാറ്റുകളില്‍ ലോകകപ്പ് നടത്തുന്ന ഐ സി സി ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രചാരം കൂട്ടുന്നതിനും കൂടുതല്‍ ടീമുകളെ ടെസ്റ്റിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടി തുടങ്ങിയതാണ് ഈ ചാമ്പ്യന്‍ഷിപ്പ്. മത്സരത്തിലുടനീളം മഴയും വെളിച്ചക്കുറവും പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ രസം കെടുത്തിയിരുന്നെങ്കിലും വിജയികളെ നിര്‍ണായിക്കാന്‍ ഐ സി സിക്ക് കഴിഞ്ഞിരിക്കുകയാണ്. പേസര്‍മാര്‍ കളം നിറഞ്ഞു കളിച്ച മത്സരത്തില്‍ അവസാനം വിജയം ന്യൂസിലാന്‍ഡിനൊപ്പം ആവുകയായിരുന്നു.

രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് ദുരന്തം ആവര്‍ത്തിച്ചതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്ത്യക്ക് 99 റണ്‍സിനിടെ നഷ്ടമായത് എട്ട് വിക്കറ്റാണ്. 41 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം മറികടക്കുന്നതിനിടെ കിവീസിന് നഷ്ടമായത് ടോം ലാഥത്തേയും ഡിവോണ്‍ കോണ്‍വേയെയും മാത്രമാണ്. രണ്ട് വിക്കറ്റും അശ്വിനായിരുന്നു നേടിയത്. ഇന്ത്യന്‍ വെല്ലുവിളി അനായാസം മറികടന്ന് പരിചയസമ്പന്നരായ കെയ്ന്‍ വില്യംസണും(52*), റോസ് ടെയ്ലറും(47*) കിവീസിനെ ജയത്തിലെത്തിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here