നിക്ഷേപ തട്ടിപ്പ്‌: പണം നഷ്‌ടമായവര്‍ ഖമറുദ്ദീന്റെ വീടുവളഞ്ഞു; 35 പേര്‍ക്കെതിരെ കേസ്‌

0
362

ചെറുവത്തൂര്‍: മഞ്ചേശ്വരത്തെ മുന്‍ എം എല്‍ എയും മുസ്ലീംലീഗുനേതാവുമായ എം സി ഖമറുദ്ദീന്റെ വീടു വളഞ്ഞ സംഭവത്തില്‍ 35 പേര്‍ക്കെതിരെ ചന്തേര പൊലീസ്‌ കേസെടുത്തു. എം സി ഖമറുദ്ദീന്റെ ഭാര്യ റംലയുടെ പരാതിയിന്മേലാണ്‌ കേസെടുത്തത്‌.
ഇന്നലെ ഉച്ചയോടെ എടച്ചാക്കൈയിലുള്ള എം സി ഖമറുദ്ദീന്റെ വീടാണ്‌ വളഞ്ഞത്‌.

ഖമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ കുടുങ്ങിയവരാണ്‌ വീടു വളഞ്ഞത്‌. തട്ടിപ്പില്‍ കുടുങ്ങി പണം നഷ്‌ടപ്പെട്ട ചെറുവത്തൂര്‍, പടന്ന, വലിയ പറമ്പ, പിലിക്കോട്‌ പ്രദേശങ്ങളില്‍ നിന്നും എത്തിയ 35വോളം പേരാണ്‌ വീടുവളഞ്ഞത്‌. എന്നാല്‍ ഖമറുദ്ദീന്‍ വീട്ടില്‍ ഇല്ലെന്നു പറഞ്ഞുവെങ്കിലും ആള്‍ക്കാര്‍ പോകാന്‍ തയ്യാറായില്ല. ഒടുവില്‍ ചന്തേര പൊലീസെത്തി സംസാരിച്ച ശേഷമാണ്‌ ആള്‍ക്കാര്‍ പിരിഞ്ഞു പോയത്‌.തുടര്‍ന്ന്‌ ഖമറുദ്ദീനെ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തിയെന്നും തന്നെ അസഭ്യം പറഞ്ഞതായും കാണിച്ച്‌ ഭാര്യ റംല പൊലീസില്‍ പരാതി നല്‍കി.

എടച്ചാക്കൈയിലെ എം സി ഹംസ, എന്‍ സി ഇബ്രാഹിം, ലത്തീഫ്‌ കാടങ്കോട്‌ തുടങ്ങി 35വോളം പേര്‍ക്കെതിരെയാണ്‌ കേസ്‌. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ വിവിധ പൊലീസ്‌ സ്റ്റേഷനുകളിലായി എം സി ഖമറുദ്ദീന്‍, മാനേജിംഗ്‌ ഡയറക്‌ടര്‍ പൂക്കോയ തങ്ങള്‍ തുടങ്ങിയവര്‍ക്കെതിരെ നൂറിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു. കേസില്‍ അറസ്റ്റിലായ ഖമറുദ്ദീന്‍ മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ്‌ പുറത്തിറങ്ങിയത്‌. എന്നാല്‍ പ്രതിയായ ശേഷം ഒളിവില്‍ പോയ പൂക്കോയ തങ്ങളെയും മകനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഒളിവില്‍ പോയ പ്രതികളെ കണ്ടെത്തുന്നതിനു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നുവെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. നേരത്തെ സജീവമായി നടത്തിയിരുന്ന അന്വേഷണം ഇപ്പോള്‍ നിലച്ചനിലയിലാണ്‌. ഇതിനിടയിലാണ്‌ പണം നഷ്‌ടപ്പെട്ടവര്‍ ഇന്നലെ എം സിഖമറുദ്ദീന്റെ വീടു വളഞ്ഞ സംഭവം ഉണ്ടായത്‌.

LEAVE A REPLY

Please enter your comment!
Please enter your name here