നടപ്പാക്കിയത് പൗരത്വ നിയമമല്ല; മുസ്‌ലിം ലീഗ് നല്‍കിയ ഹരജി തള്ളണമെന്നും സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍

0
335

ന്യൂദല്‍ഹി: മുസ്‌ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള അപേക്ഷ വിജ്ഞാപനത്തിന് 2019 ല്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍.

മുസ്‌ലിം ലീഗ് നല്‍കിയ ഹര്‍ജിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. മുമ്പും സമാനമായ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അഞ്ച് തവണയാണ് ഇത്തരത്തില്‍ വിജ്ഞാപനം ഇറക്കിയത്.

പൗരത്വത്തിനുള്ള അപേക്ഷകളില്‍ തീരുമാനം എടുക്കാനുള്ള അധികാരം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കലാണ് പുതിയ വിജ്ഞാപനത്തിന്റെ ലക്ഷ്യമെന്നും കോടതിയില്‍ കേന്ദ്രം വ്യക്തമാക്കി.

മുസ്‌ലിം ലീഗ് നല്‍കിയ ഹരജി തള്ളണമെന്നും കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. ചൊവ്വാഴ്ച്ചയാണ് സുപ്രീം കോടതി മുസ്‌ലിം ലീഗ് നല്‍കിയ ഹരജി പരിഗണിക്കുക.

മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് കോടതിയെ സമീപിച്ചത്. മതാടിസ്ഥാനത്തില്‍ പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചത് റദ്ദാക്കണമെന്നാണ് ഹരജിയില്‍ പറയുന്നത്.

നേരത്തെ രാജ്യത്തെ അഭയാര്‍ഥികളില്‍ നിന്ന് പൗരത്വത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അപേക്ഷ ക്ഷണിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ അഭയാര്‍ഥികളായ മുസ്ലിം ഇതര മതക്കാരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.

ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്നവരില്‍ നിന്നാണ് അപേക്ഷ തേടിയത്.

പൗരത്വ നിയമം 1955 ന്റെ 2009 ലെ ചട്ടങ്ങള്‍ ആധാരമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം. 2019 ഡിസംബര്‍ 12നാണ് രാജ്യത്ത് പൗരത്വ നിയമം പാസാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here