കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴക്കേസിൽ കെ.സുന്ദരയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം അപേക്ഷ നൽകാൻ ഒരുങ്ങുന്നതായി സൂചന. മൊഴി മാറ്റാതിരിക്കാനാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ നീക്കമെന്നാണു സൂചന. കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല.
തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി പ്രത്യേക കേസ് റജിസ്റ്റർ ചെയ്യണോ എന്ന രീതിയിലും ആലോചനകൾ നടക്കുന്നുണ്ട്. തനിക്കു കിട്ടിയ പണത്തിലെ ലക്ഷം രൂപ മറ്റൊരു ബാങ്ക് അക്കൗണ്ടിലുണ്ടെന്ന സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അക്കൗണ്ട് വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഇന്നും അന്വേഷണ സംഘം സുന്ദരയുടെ വീട്ടിലെത്തുമെന്നാണു സൂചന.
അതേ സമയം ബദിയടുക്ക സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ വിവേചനം കാണിച്ചെന്ന ബിജെപിയുടെ പരാതിയിൽ നടപടിയുണ്ടായില്ലെന്ന കാര്യത്തിൽ ബിജെപി ജില്ലാ നേതൃത്വത്തിന് അമർഷമുണ്ട്. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ കേസെടുത്തപ്പോൾ അതിനു കാരണമായ വെളിപ്പെടുത്തൽ നടത്തിയ വ്യക്തിക്കെതിരെ കേസെടുത്തില്ല എന്നായിരുന്നു ബിജെപി ജില്ലാ അധ്യക്ഷൻ കെ.ശ്രീകാന്ത് സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകിയത്.