കാസര്‍ഗോഡ്: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി കര്‍ണ്ണാടക സര്‍ക്കാര്‍. കേരളത്തില്‍ കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കേരളവുമായി ചേര്‍ന്നുകിടക്കുന്ന തലപ്പാടി, സാറടുക്ക, ജാല്‍സൂര്‍, നെറ്റിന മൊഗറു ചെക്ക് പോസ്റ്റുകളില്‍ 24 മണിക്കൂറും ജാഗ്രതയുടെ പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനുപുറമെ കേരളത്തിലേക്കുള്ള മറ്റ് റോഡുകളിലും ചെക്ക് പോസ്റ്റ് സ്ഥാപിക്കുമെന്നും മംഗളുരു ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. രാജേന്ദ്ര അറിയിച്ചു.
മുന്‍പ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ച് കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ വൈറസ് വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്‍കരുതലെന്ന നിലയിലാണ് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയത്.
കേരളത്തില്‍ ഇന്ന് 8063 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്‍ഗോഡ് 513, ആലപ്പുഴ 451, കണ്ണൂര്‍ 450, കോട്ടയം 299, പത്തനംതിട്ട 189, വയനാട് 175, ഇടുക്കി 98 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,28,09,717 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 110 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,989 ആയി. അതേസമയം, ഇന്ന് ഡെല്‍റ്റാ വകഭേദം ആരിലും സ്ഥിരീകരിച്ചിട്ടില്ല.