‘കേന്ദ്രത്തിനും പ്രധാനമന്ത്രിക്കുമെതിരായ വിമര്‍ശനം രാജ്യദ്രോഹമല്ല’ ; വിനോദ് ദുവെക്കെതിരായ കേസ് സുപ്രിം കോടതി റദ്ദാക്കി

0
346

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവക്കെതിരായ രാജ്യദ്രോഹക്കേസ് സുപ്രിംകോടതി റദ്ദാക്കി. പ്രധാനമന്ത്രിക്കെതിരായ വിമര്‍ശനം രാജ്യദ്രോഹമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് നിരീക്ഷിച്ച കോടതി മാധ്യമപ്രവര്‍ത്തകര്‍ക്ക് രാജ്യദ്രോഹകേസില്‍നിന്ന് സംരക്ഷണം വേണമെന്നും ചൂണ്ടിക്കാട്ടി.

1962ലെ ഉത്തരവ് പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം വകുപ്പുകളില്‍ സംരക്ഷിക്കപ്പെടുമെന്നും കേദാര്‍ സിങ് കേസിലെ വിധി ഉദ്ധരിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

ജസ്റ്റിസ് യു.യു. ലളിത്, വിനീത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കേന്ദ്രത്തിന്റെ കൊവിഡ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ വിമര്‍ശനങ്ങളിലാണ് ഹിമാചല്‍ പൊലിസ് ദുവക്കെതിരെ കേസെടുത്തത്. ബി.ജെ.പി നേതാവിന്റെ പരാതിയിലായിരുന്നു നടപടി.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, പൊതുശല്യം, അപകീര്‍ത്തികരമായ കാര്യങ്ങള്‍ അച്ചടിക്കല്‍, തെറ്റിദ്ധാരണ പരത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് രാജ്യദ്രോഹക്കുറ്റവും ചുമത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും കേന്ദ്രസര്‍ക്കാറിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നായിരുന്നു ബി.ജെ.പി നേതാവ് അജയ് ശ്യാമിന്റെ പരാതി.

എഫ്.ഐ.ആറിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി.

അതേസമയം, കേസ് പരിഗണിക്കുന്നതിനിടെ, ഒരു ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള പാനല്‍ അനുമതി നല്‍കിയില്ലെങ്കില്‍ 10 വര്‍ഷത്തെ പരിചയമുള്ള ഒരു മാധ്യമപ്രവര്‍ത്തകനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന ദുവയുടെ ആവശ്യം സുപ്രിം കോടതി നിരസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here