ലണ്ടൻ: യൂറോ കപ്പ് മത്സരങ്ങൾക്കുശേഷവും മത്സരത്തിനും മുമ്പും കളിക്കാർ നടത്തുന്ന വാർത്താ സമ്മേളനങ്ങളിൽ യൂറോയുടെ ഔദ്യോഗിക സ്പോൺസർമാരുടെ ഉൽപ്പന്നങ്ങൾ കളിക്കാർ എടുത്തുമാറ്റുന്നതിനെതിരെ കർശന നിലപാടുമായി യുവേഫ. കളിക്കാരുടെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികൾ ഉടൻ നിർത്തണമെന്ന് യുവേഫ ടീമുകൾക്ക് നിർദേശം നൽകി.
സ്പോൺസർമാരുട വരുമാനം ടൂർണമെന്റിനെ യൂറോപ്യൻ ഫുട്ബോളിനെയും സംബന്ധിച്ച് പ്രധാനമാണെന്നും യൂറോ ടൂർണമെന്റ് ഡയറക്ടറായ മാർട്ടിൻ കല്ലൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇക്കാര്യം ടൂർണമെൻരിൽ പങ്കെടുക്കുന്ന ടീമുകളെ അറിയിച്ചിട്ടുണ്ടെന്നും കല്ലൻ പറഞ്ഞു.
യൂറോ കപ്പിൽ പോർച്ചുഗലിന്റെ ആദ്യ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിനിടെ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ മേശപ്പുറത്തിരുന്ന കോക്ക കോള കുപ്പികൾ എടുത്തുമാറ്റി വെള്ളക്കുപ്പികൾ എടുത്തിവെച്ചിരുന്നു. ഇതിന് പിന്നാലെ കോക്ക കോളയുടെ വിപണി മൂല്യത്തിൽ നാല് ബില്യൺ ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തി.
തൊട്ടടുത്ത ദിവസം വാർത്താ സമ്മേളനത്തിനിടെ ഇസ്ലാം മതവിശ്വാസി കൂടിയായ ഫ്രഞ്ച് താരം പോൾ പോഗ്ബ വാർത്താ സമ്മേളനത്തിനിടെ മേശപ്പുറത്തിരുന്ന ഹെനികെയ്നിന്റെ ബിയർ കുപ്പി എടുത്തുമാറ്റി. ഇന്നലെ സ്വിറ്റ്സർലൻഡിനെതിരായ മത്സരശേഷം ഇറ്റാലിയൻ താരം ലോക്കാടെല്ലിയും വാർത്താസമ്മേളനത്തിനിടെ കോള കുപ്പികൾ എടുത്തുമാറ്റി റൊണാൾഡോയെ അനുകരിച്ചു.
ടൂർണമെന്റിന്റെ പ്രധാന സ്പോൺസർമാർക്കെതിരെ കളിക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് യുവേഫയെ അലോസരപ്പെടുത്തിയിരുന്നു. യൂറോയിൽ കളിക്കാർ ഇതൊരു ട്രെൻഡായി അനുകരിക്കുന്നതിനിടെയാണ് കർശന നിലപാടുമായി യുവേഫ രംഗത്തെത്തിയിരിക്കുന്നത്.