കാഞ്ഞങ്ങാട് ∙ ജില്ലയിൽ കോവിഡ് പോസിറ്റീവായി മരിച്ചവരുടെ എണ്ണം 500 കടന്നിട്ടും സർക്കാർ കണക്കിൽ 154 മാത്രം. പഞ്ചായത്ത് അധികൃതരും പഞ്ചായത്ത് ആരോഗ്യവിഭാഗവും കോവിഡ് ആണെന്നു സ്ഥിരീകരിച്ച പല കേസുകളും കോവിഡ് മരണം അല്ലെന്നാണ് സർക്കാർ പറയുന്നത്. തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പിന്റെ പ്രത്യേക ബോർഡ് യോഗം ചേർന്നാണ് കോവിഡ് മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. കോവിഡ് മരണം സ്ഥിരീകരിക്കുന്നതിനു സർക്കാർ സ്വീകരിച്ച മാനദണ്ഡങ്ങളിലെ പോരായ്മകളാണ് പല മരണങ്ങളും ലിസ്റ്റിൽപ്പെടാത്തതെന്നു പരക്കെ പരാതി ഉയർന്നിരുന്നു.
കോവിഡ് മരണത്തിന്റെ എണ്ണം മനപ്പൂർവ്വം കുറച്ചു കാണിക്കാനാണ് ശ്രമമെന്നും ആരോപണമുയർന്നിരുന്നു. ഇതോടെ ജില്ലാതലത്തിൽ മരണക്കണക്ക് ഔദ്യോഗികമായി പുറത്തുവിടാനാണ് പുതിയ തീരുമാനം. എന്നാൽ ഇതുസംബന്ധിച്ച വിവരമൊന്നും ജില്ലാ ഭരണകൂടത്തിന് ഇതുവരെ കിട്ടിയിട്ടുമില്ല. സർക്കാർ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കുറവ് കോവിഡ് മരണം കാസർകോടും ഇടുക്കിയിലും ആണ്.
ആരോഗ്യ സംവിധാനങ്ങളുടെ മികവാണ് മരണ നിരക്ക് കുറയാൻ കാരണമെന്നാണ് സർക്കാർ വാദം. എന്നാൽ കാസർകോട് ജില്ലയെക്കാൾ മികച്ച ചികിത്സാ സൗകര്യമുള്ള തിരുവനന്തപുരത്ത് മരണ സംഖ്യ വളരെ കൂടുതലാണെന്ന വൈരുധ്യം സർക്കാരിന്റെ ഈ അവകാശവാദത്തെ തന്നെ ചോദ്യം ചെയ്യുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ജില്ലയിൽ കോവിഡ് ബാധിച്ച് കൂടുതൽ പേർ മരിച്ചത് കാസർകോട് നഗരസഭയിലാണ്. കണക്കുകളിൽ പറയുന്നതിനേക്കാൾ കൂടുതൽ പേർ ഇവിടെ കോവിഡ് പോസിറ്റീവായി മരിച്ചിട്ടുണ്ട്.
കാഞ്ഞങ്ങാട് നഗരസഭയിൽ സർക്കാർ കണക്ക് പ്രകാരം മരിച്ചവരുടെ എണ്ണം 6 ആണ്. ഇതിന്റെ എത്രയോ ഇരട്ടി പേർ ഇവിടെ കോവിഡ് പോസിറ്റീവായി മരിച്ചിട്ടുണ്ട്. മറ്റു അസുഖങ്ങൾ ബാധിച്ച് മരിക്കുന്നവർ, അപകടത്തിൽ മരിക്കുന്നവർ, ആത്മഹത്യ ചെയ്തവർ എന്നിവരിൽ കോവിഡ് സ്ഥിരീകരിച്ചാൽ പട്ടികയിൽ പെടുത്താറില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. എന്നാൽ പട്ടികയിൽ പെടാൻ അർഹതയുള്ള മരണം പോലും ലിസ്റ്റിൽപ്പെടാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.