ലോക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍ ആരാധനക്ക് അനുമതി നല്‍കണമെന്ന നിലപാട് കടുപ്പിച്ച് സമസ്ത. ആവശ്യമറിയിച്ച് സുന്നി യുവജനസംഘം അടുത്തദിവസം മുഖ്യമന്ത്രിക്ക് കൂട്ട ഹര്‍ജി നല്‍കും. ആരാധനാലയങ്ങള്‍ക്ക് ഇളവ് നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും വിശ്വാസികളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും എസ്‌വൈഎസ് ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈവി പറഞ്ഞു. ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന പക്ഷം നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ മത സംഘടനകളുമായി ചര്‍ച്ച നടത്താന്‍ നിലവില്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ലോക്ഡൗണില്‍ കാര്യമായ ഇളവുകള്‍ വരുത്തിയിട്ടും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ വിവിധ മുസ്ലിം സംഘടനകള്‍ കഴിഞ്ഞദിവസം പ്രതിഷേധം അറിയിച്ചിരുന്നു. സമസ്തയ്ക്കുപുറമെ ജമാഅത്തെ ഇസ്ലാമി, കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷന്‍, വിസ്ഡം മുസ്ലിം ഓര്‍ഗനൈസേഷന്‍, കേരള നദ്വത്തുല്‍ മുജാഹിദീന്‍, ഓള്‍ കേരള ഇമാം കൗണ്‍സില്‍ എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബാറുകള്‍ക്ക് പോലും പ്രവര്‍ത്തനനാനുമതി നല്‍കിയപ്പോള്‍ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരത്തിന് പോലും ഇളവ് അനുവദിക്കാതിരിക്കുന്നത് എന്ത് കാരണത്താലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അഭിപ്രായപ്പെട്ടു. ലോക്ഡൗണ്‍ ഇളവുകളില്‍ ആരാധനായലങ്ങളെ ഉള്‍പ്പെടുത്താത്തത് കടുത്ത വിവേചനവും പ്രതിഷേധാര്‍ഹുമാണെന്ന് ജമാ അത്തെ ഇസ്ലാമി കേരള അമീര്‍ എഐ അബ്ദുള്‍ അസീസ് അഭിപ്രായപ്പെട്ടു.
വിഷയത്തില്‍ എന്‍എസ്എസും ബിജെപി നേതൃത്വവും കഴിഞ്ഞദിവസം സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിട്ടും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് എന്‍എസ്എസ് വ്യക്തമാക്കി. ഇനിയും സര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നത് വിശ്വാസികളുടെ അവകാശത്തെ ഹനിക്കുന്നതാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടിരുന്നു.