കുമ്പള: ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച അഞ്ച് കിലോ സ്വര്‍ണ്ണവുമായി കാണാതായ യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. കുമ്പള സ്വദേശിയും ബംബ്രാണ ദിഡുമയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ യുവാവിനെ കണ്ടെത്താനാണ് കാസര്‍കോട്ടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നത്. അന്വേഷണത്തിനായി ഒരു സംഘം പൊലീസുകാരെ നിയോഗിച്ചതായാണ് അറിയുന്നത്. കഴിഞ്ഞ 30ന് രാവിലെ മംഗളൂരു വിമാനത്താവളത്തില്‍ യുവാവ് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പിന്നീട് സ്വര്‍ണ്ണവുമായി മുങ്ങിയെന്നാണ് സംശയിക്കുന്നത്. അന്ന് വൈകിട്ടോടെ സ്വര്‍ണ്ണത്തിന്റെ അവകാശികള്‍ എന്ന് സംശയിക്കുന്ന പത്തംഗ സംഘം നാല് ഇന്നോവ കാറുകളിലായി ബംബ്രാണയിലും പിന്നീട് വാടക വീട്ടിലും എത്തി യുവാവിനെ അന്വേഷിക്കുകയും ചെയ്തിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുള്ളതിനാലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. യുവാവിനെ കാണാതായ സംഭവത്തില്‍ ബന്ധുക്കളോ വീട്ടുകാരോ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.