ബദിയടുക്ക: ബിജെപി നേതാക്കൾക്കെതിരായ വെളിപ്പെടുത്തലിനു ശേഷം തനിക്കു ഭീഷണിയുണ്ടെന്ന കാര്യം കെ.സുന്ദര ഇന്നലെയും ആവർത്തിച്ചു. മുഴുവൻ സമയവും 3 പൊലീസുകാരെയാണ് സുന്ദരയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ഫ്ലയിങ് സ്ക്വാഡിന്റെ ജീപ്പ് വീടിന്റെ പരിസരത്തുണ്ട്. 24 മണിക്കൂറാണ് ഒരു ഷിഫ്റ്റ്. ഷേണിയിലെ ബന്ധുവീട്ടിലാണ് സുന്ദര ഇപ്പോൾ കഴിയുന്നത്.
കേസ് എടുക്കാനുള്ള നീക്കം നേരിടും കെ.ശ്രീകാന്ത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ കേസിൽ കുടുക്കാനുള്ള പിണറായി സർക്കാരിന്റെയും പോലീസിന്റെയും ഇരു മുന്നണികളുടെയും നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് പറഞ്ഞു. നടപടിക്രമങ്ങൾ പാലിക്കാതെ ബിജെപി നേതാക്കളെ പ്രതി ചേർക്കാൻ പോലീസ് ധൃതിപിടിച്ച് നടത്തിയ നീക്കം കോടതി ഉത്തരവിലൂടെ പൊളിഞ്ഞു.ബിജെപിയേയും നേതാക്കളേയും താറടിച്ചുകാട്ടാനും കള്ളക്കേസിൽ കുടുക്കാനുമുള്ള വലിയ ഗൂഢാലോചന നടന്നതായി അദ്ദേഹം ആരോപിച്ചു. വെറും പെറ്റികേസ് എടുക്കാൻ മാത്രമുള്ള ഒരു കേസിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച്, ജാമ്യമില്ലാ വകുപ്പ് ചേർത്ത് നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നു ശ്രീകാന്ത് കുറ്റപ്പെടുത്തി.
തലപ്പാടി ചെക്പോസ്റ്റ് തുറന്നത് അന്വേഷിക്കണം: ഐഎൻഎൽ
കോവിഡ് വ്യാപനം തടയുന്നതിന് കർണാടക സർക്കാർ കേരളത്തിലേക്കുള്ള എല്ലാ ചെക്ക് പോസ്റ്റുകളും അടച്ച കാലത്തും മംഗളൂരുവിൽ നിന്നു കേരളത്തിൽ കടക്കാനുള്ള തലപ്പാടി ചെക്‌പോസ്റ്റു മാത്രം തുറന്നുവെക്കാൻ ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇടപെട്ടത് കള്ളപ്പണം കടത്തുന്നതിന് വേണ്ടിയായിരുന്നു എന്ന് ബോധ്യപ്പെട്ടതായി ഐഎൻഎൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.കെ.അബ്ദുൽ അസീസ് പറഞ്ഞു ഒന്നാം കോവിഡ് കാലത്തു വിഎച്ച്പി നേതാവായിരുന്ന രുദ്രപ്പയുൾപ്പടെ പന്ത്രണ്ടോളം പേരാണു ചെക്ക് പോസ്റ്റ് തുറക്കാത്തത്തിനാൽ ചികിത്സ കിട്ടാതെ മരിച്ചത്. അന്നൊന്നും ചെക്ക് പോസ്റ്റ് തുറക്കാൻ ശ്രമിക്കാതിരുന്ന ബിജെപി നേതാക്കൾ തിരഞ്ഞെടുപ്പുകാലത്തു ഇതിനായി സമ്മർദ്ദം ചെലുത്തിയത് കള്ളപ്പണമൊഴുക്കാനാണ് എന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം ആരോപിച്ചു.