പാർക്ക് ചെയ്തിരുന്ന കാർ ഞൊടിയിടയിൽ ഓടയിലേക്ക് താഴ്ന്നു പോയി: വൈറലായി വീഡിയോ

0
322

മുംബൈ∙ നിർത്തിയിട്ട കാർ മലിനജലം നിറഞ്ഞ കുഴിയിലേക്ക് താഴുന്ന ദ്യശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു. മഹാരാഷ്ട്രയിലെ ഗാട്കൊപറിലെ റെസിഡൻഷ്യൽ കോംപ്ലെക്സിൽ പാർക്കു ചെയ്ത കാറാണ് കുഴിയിലേക്ക് താഴ്ന്നു പോയത്. ആളപായമില്ല. കാറിന്റെ ബോണറ്റും മുൻ ചക്രങ്ങളും ചാലിൽ മുങ്ങിക്കിടക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. നിമിഷങ്ങൾക്കുള്ളിൽ കാറ് വെള്ളത്തിലേക്ക് അപ്രത്യക്ഷമാകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

സംഭവം നടന്ന സ്ഥലത്തുണ്ടായിരുന്ന കിണർ മൂടിയശേഷം അതിനു മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചാണ് പാർക്കിങ് ഏരിയ സജ്ജീകരിച്ചിരുന്നത്. കനത്ത മഴയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നതാണ് കാർ താഴ്ന്നു പോകാൻ കാരണമെന്നും  പൊലീസ് അറിയിച്ചു. എന്നാൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് യാതൊരു ചലനവും ഇല്ല.

ട്രാഫിക് പൊലീസാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്. കിരൺ ദോഷി എന്ന പ്രദേശവാസിയുടേതാണ് കാറെന്ന് പൊലീസ് അറിയിച്ചു. ക്രെയിൻ ഉപയോഗിച്ച് കാർ പുറത്തെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുംബൈ കോർപറേഷൻ അറിയിച്ചു. കോംപ്ലക്സിനുള്ളിലെ നിരവധി വീടുകളിൽ ഇത്തരത്തിലുള്ള കിണറുകൾ ഉണ്ടെന്ന് മുംബൈ കോർപറേഷൻ അറിയിച്ചു. മുംബൈയിൽ കനത്ത മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here