ബുഡാപെസ്റ്റ്: വീണ്ടും റെക്കോഡ് ബുക്കില്‍ ഇടംനേടി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഗ്രൂപ്പ് എഫില്‍ ഫ്രാന്‍സിനെതിരായ മത്സരത്തില്‍ രണ്ടു തവണ ലക്ഷ്യം കണ്ടതോടെ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇറാന്റെ ഇതിഹാസ താരം അലി ദേയിയുടെ റെക്കോഡിനൊപ്പമെത്തി.
1993 മുതല്‍ 2006 വരെ ഇറാനായി കളിച്ച ദേയി, 149 മത്സരങ്ങളില്‍ നിന്ന് 109 ഗോളുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. റൊണാള്‍ഡോ തന്റെ 176-ാം മത്സരത്തിലാണ് അലി ദേയിയുടെ റെക്കോഡിനൊപ്പമെത്തിയിരിക്കുന്നത്.
നേരത്തെ ഹംഗറിക്കെതിരായ മത്സരത്തില്‍ യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന ഫ്രഞ്ച് ഇതിഹാസം മിഷേല്‍ പ്ലാറ്റിനിയുടെ റെക്കോഡും (9) റൊണാള്‍ഡോ പഴങ്കഥയാക്കിയിരുന്നു. യൂറോ കപ്പില്‍ ഇതോടെ താരത്തിന്റെ ഗോള്‍ നേട്ടം 14 ആയി. 24 യൂറോ കപ്പ് മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം.
യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി മാറിയ റൊണാള്‍ഡോ അഞ്ച് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായി അഞ്ച് യൂറോ കപ്പുകളിലും ഗോള്‍ കണ്ടെത്തുന്ന ആദ്യ താരവും റോണോ തന്നെ.