ദില്ലി: എസ് പി സിങ് ഒബ്റോയി, യുഎഇയിൽ ബിസിനസുകളുള്ള ഇന്ത്യാക്കാരൻ. അദ്ദേഹത്തിന് വേണ്ടി മാത്രമായി എയർ ഇന്ത്യ സർവീസ് നടത്തി. അമൃത്സറിൽ നിന്ന് ദുബൈയിലേക്കായിരുന്നു ഒബ്റോയിയുടെ യാത്ര.
യുഎഇയിൽ പത്ത് വർഷം താമസിക്കാനുള്ള ഗോൾഡൻ വിസയാണ് ഒബ്റോയിയുടെ പക്കലുള്ളത്. ബുധനാഴ്ച പുലർച്ചെ 3.45 ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ ഇദ്ദേഹം മാത്രമായത് തീർത്തും യാദൃശ്ചികം.
ഈ വിഷയത്തിൽ പിടിഐയുടെ ചോദ്യങ്ങൾക്ക് എയർ ഇന്ത്യ മറുപടിയൊന്നും പറഞ്ഞിട്ടില്ല. കഴിഞ്ഞ അഞ്ച് ആഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പറന്ന വിമാനത്തിൽ ഒരു യാത്രക്കാരൻ മാത്രമാകുന്നത്.
മെയ് 19 ന് 40 വയസുകാരനായ ഭവേഷ് ജാവേരിയായിരുന്നു മുംബൈയിൽ നിന്ന് ദുബൈയിലേക്ക് പറന്ന എമിറേറ്റ്സ് വിമാനത്തിൽ ആകെയുണ്ടായിരുന്ന യാത്രക്കാരൻ. മൂന്ന് ദിവസത്തിന് ശേഷം ഓസ്വാൾഡ് റോഡ്രിഗസ് എന്നയാൾ എയർ ഇന്ത്യയുടെ മുംബൈ – ദുബൈ വിമാനത്തിൽ ഒറ്റയ്ക്കായിരുന്നു. പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.