സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന തുടരുന്നു. പവന്റെ വില 36,000 കടന്നു. 200 രൂപകൂടി 36,120 രൂപയായാണ് വർധിച്ചത്. ഗ്രാമിന് 25 രൂപകൂടി 4515 രൂപയുമായി. 35,920 രൂപയായിരുന്നു കഴിഞ്ഞദിവസം.
മെയ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോൾ സ്വർണ വില. മേയ് ഒന്ന്, രണ്ട് തീയതികളിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്, 35,040 രൂപ. മേയിൽ ഇതുവരെ പവന് 1080 രൂപയും ഗ്രാമിന് 135 രൂപയും വർധിച്ചു. ഏപ്രിൽ മുതൽ സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില മൂന്നുമാസത്തെ ഉയർന്ന നിലവാരത്തിലെത്തി. ഡോളർ ദുർബലമായതും യുഎസ് ട്രഷറി ആദായത്തിൽ കുറവുവന്നതുമാണ് സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചത്.
സ്‌പോട് ഗോൾഡ് വില ഔൺസിന് 1,852.39 നിലവാരത്തിലാണ്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 0.7ശതമാനം ഉയർന്ന് 48,003 രൂപ നിലവാരത്തിലാണ്. വെള്ളി വിലയിലും സമാനമായ വിലവർധനവുണ്ടായി.