ന്യൂഡല്‍ഹി: ഐ.പി.എല്ലിന്റെ ഭാഗമായി ഇന്ത്യയില്‍ കഴിയുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ് എന്നിവരെ ഓസ്‌ട്രേലിയയില്‍ കാത്തിരിക്കുന്നത് അഞ്ചു വര്‍ഷത്തെ ജയില്‍ വാസവും കനത്ത പിഴയും.
14 ദിവസത്തോളം ഇന്ത്യയില്‍ കഴിഞ്ഞ് മടങ്ങുന്ന സ്വന്തം പൗരന്‍മാര്‍ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ താത്കാലിക വിലക്കേര്‍പ്പെടുത്തിയതോടെയാണിത്.
ഈ നിയമം ലംഘിക്കുന്നവര്‍ അഞ്ചു വര്‍ഷം വരെ ജയിലില്‍ കഴിയേണ്ടി വരികയും കനത്ത പിഴയും നല്‍കേണ്ടി വരും.
പതിനാലോളം ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ ഐ.പി.എല്ലില്‍ വിവിധ ടീമുകളുടെ ഭാഗമായിട്ടുണ്ട്. കളിക്കാരെ കൂടാതെ റിക്കി പോണ്ടിങ്, ഡേവിഡ് ഹസ്സി, ബ്രെറ്റ് ലീ, മാത്യു ഹെയ്ഡന്‍ തുടങ്ങിയ മുന്‍ ഓസീസ് താരങ്ങളും വിവിധ ഐ.പി.എല്‍ ഫ്രാഞ്ചൈസികളുടെ കോച്ചിങ്, സപ്പോര്‍ട്ടിങ് സ്റ്റാഫ്, ടിവി കമന്ററി ടീം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ആദ്യമായാണ് സ്വന്തം രാജ്യത്തേക്ക് പൗരന്‍മാര്‍ തിരികെ വരുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന രീതിയിലുള്ള താത്ക്കാലിക തീരുമാനം ഓസ്‌ട്രേലിയ കൈക്കൊള്ളുന്നത്.
തിങ്കളാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. മെയ് 3ന് ഓസ്‌ട്രേലിയയില്‍ എത്തിച്ചേരുന്നതിന് 14 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ തങ്ങിയ ആര്‍ക്കും രാജ്യത്തേക്ക് പ്രവേശനമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഈ ആഴ്ച ആദ്യം ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും ഓസ്ട്രേലിയ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പലരും മറ്റ് രാജ്യങ്ങള്‍ വഴി ഓസ്‌ട്രേലിയയില്‍ എത്തിച്ചേരുന്നുണ്ട്. ഇത് തടയുക എന്നതാണ് പുതിയ ഉത്തരവ് കൊണ്ടുദ്ദേശിക്കുന്നത്.
ഇതാദ്യമായിട്ടാണ് സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നവരെ ഓസ്ട്രേലിയ കുറ്റവാളികളാക്കുന്നതെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 51000 ഡോളര്‍ വരെയാണ് പിഴ ചുമത്തുക. ക്വാറന്റീനില്‍ കഴിയാതെ മറ്റു രാജ്യങ്ങള്‍ വഴി ഓസ്ട്രേലിയയിലേക്ക് പ്രവേശിക്കുന്നവര്‍ക്കാണ് വിലക്ക് ബാധിക്കുക.
ഇന്ത്യയില്‍ കോവിഡ് ക്രമാധീതമായി വര്‍ധിച്ചതും മരണങ്ങളുമാണ് ഇത്തരമൊരു നടപടിക്ക് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓസ്ട്രേലിയന്‍ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ടാണ് വിലക്ക് പ്രഖ്യാപിച്ചത്.
പൊതുജനാരോഗ്യത്തിന്റേയും ക്വാറന്റീന്‍ സംവിധാനങ്ങളുടേയും സമഗ്രത പരിരക്ഷിക്കപ്പെടേണ്ടത് നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. മെയ് 15 വരെയാണ് നിലവിലെ വിലക്ക്. 15-ന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കും.