തിരുവന്തപുരം: വോട്ടെണ്ണല്‍ ദിനം വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ എവിടെയായിരിക്കുമെന്നത് സംബന്ധിച്ച വാര്‍ത്തകള്‍ ഏറെ പ്രധാന്യത്തോടെയാണ് ജനങ്ങള്‍ കാണുന്നത്. സിപിഐഎം ഓഫീസുകളില്‍ വെച്ചാണ് സാധാരണയായി പാര്‍ട്ടി സെക്രട്ടറി വോട്ടെണ്ണല്‍ ദിവസം പ്രതികരിക്കാറുള്ളത്. കോണ്‍ഗ്രസും സമാനമാണ്, എന്നാല്‍ ഇത്തവണ പതിവിലേറെ പ്രതീക്ഷ സൂക്ഷിക്കുന്ന ബിജെപിയുടെ നേതൃത്വം എവിടെ നിന്നാവും വോട്ടെണ്ണല്‍ ദിനം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുകയെന്നതാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച.
രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന കെ. സുരേന്ദ്രന് ഇത്തവണ പതിവിലേറെ പണികളുണ്ടാവും. പാര്‍ട്ടിയുടെ വോട്ടെണ്ണല്‍ ദിവസത്തെ പ്രതികരണവും മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലെ ഫലവുമായി ബന്ധപ്പെട്ട വിശദീകരണവും ഉള്‍പ്പെടെ നാളെ കെ. സുരേന്ദ്രന് നല്ല തിരക്കുണ്ടാവും. വോട്ടെടുപ്പിന് ശേഷം കോഴിക്കോട്ടെ വീട്ടില്‍ കുടുംബസമേതം വിഷു ആഘോഷിച്ചതൊഴിച്ചാല്‍ ബിജെപി സംസ്ഥാന തലവന്‍ വലിയ തിരക്കിലാണ്. ഇത്തവണ ബിജെപി ഭരണം പിടിക്കുമെന്ന് വരെ പ്രഖ്യാപിച്ചാണ് കെ. സുരേന്ദ്രന്‍ വോട്ടെടുപ്പിന് മുന്‍പും ശേഷവും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.
വോട്ടെടുപ്പ് ദിവസം സുരേന്ദ്രന്‍ മഞ്ചേശ്വരത്തോയിരിക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ രണ്ട് തവണയും സുരേന്ദ്രന്‍ തോറ്റ മണ്ഡലമാണ് മഞ്ചേശ്വരം. എന്നാല്‍ ഇത്തവണ വലിയ പ്രതീക്ഷകളുണ്ടെന്ന് എന്‍ഡിഎ വ്യക്തമാക്കുന്നു. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനാല്‍ ഹെലികോപ്റ്ററിലായിരുന്നു ഇത്തവണ സുരേന്ദ്രന്റെ പ്രചരണം. പാർട്ടി തലവനെന്ന രീതിയില്‍ തെരെഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ സുരേന്ദ്രന്‍ തന്നെയാവും നല്‍കുക.