വനംവകുപ്പ് ചെക്ക്പോസ്റ്റിലേക്ക് ബൈക്കിൽ അതിവേഗം; ക്രോസ്ബാറിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
322

ഹൈദരാബാദ്: ചെക്ക് പോസ്റ്റിലെ ക്രോസ്ബാറിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം. വേഗത്തിലെത്തിയ ബൈക്കിന്റെ പിന്നിൽ ഇരുന്ന യുവാവാണ് ക്രോസ്ബാറിൽ തലയിടിച്ച് തെറിച്ചുവീണത്. ഇയാൾ അപ്പോൾ തന്നെ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇത് എവിടെ നടന്നുവെന്ന ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഒടുവിൽ തെലങ്കാനയിലാണ് ദാരുണമായ സംഭവം നടന്നതെന്നതാണ് കണ്ടെത്തിയിരിക്കുന്നത്.

തെലങ്കാനയിലെ വനം വകുപ്പിന്റെ ചെക്ക്പോസ്റ്റിന് സമീപമായിരുന്നു അപകടം. ഇവിടെ ക്രോസ്ബാർ താഴ്ത്തി വച്ചിരിക്കുകയായിരുന്നു. അമിത വേഗത്തിലെത്തുന്ന ബൈക്ക് കണ്ട് ഉദ്യോഗസ്ഥൻ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ബൈക്ക് ഓടിച്ച യുവാവ് ഇത് അനുസരിച്ചില്ല. ക്രോസ്ബാറിന് അടിയിലൂടെ പോകാനായിരുന്നു ശ്രമം. ബൈക്ക് ഓടിച്ച യുവാവ് തല കുനിച്ച് കടന്നെങ്കിലും പിന്നിലിരുന്ന യുവാവ് ക്രോസ്ബാറിൽ തലയിടിച്ച് നിലത്തുവീണു തൽക്ഷണം മരിച്ചു. ബൈക്ക് നിർത്താതെ പോകുന്നതും വിഡിയോയിൽ കാണാം.

സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. മെയ് മാസം 22ന് ഉച്ചയ്ക്ക് 12.53ന് തെലങ്കാനയിലെ മഞ്ചേരിയാൽ ജില്ലയിലെ തപൽപൂർ ഗ്രാമത്തിലെ ജന്നാരത്തിലാണ് സംഭവം നടന്നത്. അപകടത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു.

എന്നാൽ, വനംവകുപ്പ് ജീവനക്കാർ സംഭവത്തിൽ കുറ്റക്കാരല്ലെന്ന് മഞ്ചേരിയാൽ എസിപി അഖിൽ മഹാജൻ പ്രതികരിച്ചു. ഈ ചെക്ക് പോസ്റ്റ് കഴിഞ്ഞ 30 വർഷമായി അവിടെയുള്ളതാണ്. എന്നാൽ മരിച്ച യുവാവിന്റെ രക്ഷിതാക്കൾ ജീവനക്കാരെയാണ് കുറ്റപ്പെടുത്തുന്നത്. ”കഴിഞ്ഞ 30 വർഷമായി ഈ ചെക്ക് പോസ്റ്റ് അവിടെയുല്ളതാണ്. അതിവേഗത്തിലും അശ്രദ്ധയോടെയുമാണ് ഇരുചക്രവാഹനം ഓടിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവാവ് കുനിഞ്ഞെങ്കിലും പുറകിലിരുന്ന യുവാവ് ക്രോസ്ബാറിൽ ഇടിച്ച് തെറിച്ച് വീണ് മരിക്കുകയായിരുന്നു”- എസിപി ട്വീറ്റ് ചെയ്തു.

വാഹനം നിർത്താതെ പോയ യുവാവിനെ ഒരുമണിക്കൂറിന് ശേഷം കണ്ടെത്തി. മദ്യപിച്ച നിലയിലായിരുന്നു യുവാവിനെ കണ്ടെത്തിയിരുന്നതെന്നും എസിപി പറയുന്നു. ”ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ രക്തത്തിൽ 131 മില്ലിഗ്രാം ആൾക്കഹോൾ അംശമാണ് കണ്ടെത്തിയത്. വനംവകുപ്പ് സുരക്ഷാ ജീവനക്കാരുടെ ഭാഗത്ത് യാതൊരു തെറ്റുമില്ല.”- എസിപി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here