ബെംഗളൂരു: കർണാടക കേരള അതിർത്തി ജില്ലയിൽ ഓക്സിജൻ കിട്ടാതെ മരണം. ചാമരാജ നഗർ ജില്ലയിലെ ആശുപത്രിയിൽ നിരവധി കൊവിഡ് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചെന്ന് റിപ്പോർട്ട്. ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണ്.
24 മണിക്കൂറിനിടെ 24 പേര്‍ മരിച്ചെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. മരിച്ചവരുടെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. പൊലീസ് ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മൈസൂരിൽ നിന്ന് ഓക്സിജൻ കിട്ടിയില്ലെന്ന് ജില്ലാ ഭരണകൂടം പറയുന്നു. എന്നാല്‍, ഓക്സിജൻ അയച്ചിരുന്നെന്ന് മൈസൂർ കളക്ടർ പറയുന്നു.
അതേസമയം, ഉത്തർപ്രദേശിലെ മീററ്റിലെ സ്വാകാര്യ ആശുപത്രിയിൽ അഞ്ച് രോഗികൾ മരിച്ചു. ഓക്സിജൻ ദൗർലഭ്യം കാരണമാണ് മരണം സംഭവിച്ചതെന്ന് രോഗികളുടെ ബന്ധുക്കൾ ആരോപിക്കുന്നു. ആരോപണം അന്വേഷിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രക്ഷുബ്ധരായ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ നേരിയ സംഘർഷം ഉണ്ടായി.