രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടും സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ്; പരിശോധന കിറ്റുകൾക്കും ക്ഷാമം

0
259

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര ആഴ്‌ചയ്‌ക്കിടെ 1071 ആരോഗ്യപ്രവർത്തകർ കൊവിഡ് ബാധിതരായി. രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോൾ ഡോക്‌ടര്‍മാർക്കും നഴ്‌സുമാർക്കും കൊവിഡ് പിടിപെടുന്നത് ആരോഗ്യമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രോഗബാധിതരായ പലരും അവധിയിലായതോടെ മറ്റുളളവർക്ക് ജോലിഭാരം വർദ്ധിച്ചു.

പ്രതിദിനം നൂറിലേറെ ആരോഗ്യപ്രവര്‍ത്തകരാണ് കൊവിഡ് ബാധിതരാകുന്നത്. കൊവിഡ് ബാധിതര്‍ കൂട്ടത്തോടെയെത്തുന്ന ആശുപത്രി അന്തരീക്ഷത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുന്നതാണ് വാക്‌സിനെടുത്തിട്ടും രോഗബാധ പിടിപ്പെടാൻ കാരണം. ആരോഗ്യപ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും രണ്ടു ഡോസ് വാക‌്‌സിൻ സ്വീകരിച്ചവരാണ്. അതുകൊണ്ടുതന്നെ കൊവിഡ് പിടികൂടിയാലും ഗുരുതരമാകുന്നില്ല.

അതേസമയം, ഇവരില്‍ നിന്ന് വാക്‌സിൻ ലഭിക്കാത്ത കുടുംബാംഗങ്ങളിലേയ്ക്ക് രോഗം പകരുമെന്നതാണ് ആശങ്ക സൃഷ്‌ടിച്ചിരിക്കുകയാണ്. രോഗികളുടെ എണ്ണം പെരുകുകയും പരിശോധന കൂടുകയും ചെയ്‌തതോടെ പരിശോധന കിറ്റുകളുടെ കാര്യത്തിലും സംസ്ഥാനം കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഇതോടെ ഒട്ടുമിക്ക ജില്ലകളിലും പരിശോധനകളുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. രണ്ടാം തംരഗത്തിന്‍റെ തീവ്രത കുറയാന്‍ ഇനിയും സമയമെടുക്കുമെന്നതിനാല്‍ ടെസ്റ്റുകളുടെ എണ്ണം കുറയുന്നത് കൊവിഡ് പ്രതിരോധത്തില്‍ വലിയ പ്രതിസന്ധിയാകുമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.

കൊവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായ ഏപ്രില്‍ മൂന്നാം വാരം മുതലാണ് കേരളത്തില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം കൂടാന്‍ തുടങ്ങിയത്. അതുവരെ മടിച്ച് നിന്നവരുള്‍പ്പെടെ മാസ് ടെസ്റ്റുകള്‍ക്കായി എത്തി. ആര്‍.ടി.പി.സി.ആര്‍ ഫലം വൈകിയതോടെ ആന്‍റിജന്‍ ടെസ്റ്റുകളുടെ എണ്ണം കുതിച്ചുയര്‍ന്നു. ഇതോടെയാണ് ടെസ്റ്റ് കിറ്റുകള്‍ക്ക് ക്ഷാമം നേരിടാന്‍ തുടങ്ങിയതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here