രണ്ടാം കോവിഡ് തരംഗം ഒടുങ്ങിയിട്ടില്ല; നിയന്ത്രണങ്ങൾ ജൂൺ 30 വരെ തുടരണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

0
264

ന്യൂഡൽഹി: രാജ്യത്ത് രണ്ടാം കോവിഡ് തരംഗം അവസാനിക്കാത്തതുകൊണ്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂൺ 30 വരെ തുടരാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദേശിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ പ്രാദേശികമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഏപ്രിൽ 25ന് ആരോഗ്യ മന്ത്രാലയം നൽകിയ നിർദേശമനുസരിച്ചുള്ള നിയന്ത്രണങ്ങൾ പരിഗണിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഏപ്രിൽ 29ന് പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങൾ ജൂൺ 30 വരെ തുടരണം. നിർദേശമനുസരിച്ചുള്ള ഓക്‌സിജൻ കിടക്കൾ, ഐസിയു കിടക്കകൾ, വെന്റിലേറ്ററുകൾ, താത്കാലിക ആശുപത്രികൾ തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദേശിച്ചു. പുതിയ ഉത്തരവിൽ ഏതെങ്കിലും പ്രത്യേക സംസ്ഥാനത്തോ പ്രദേശത്തോ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടില്ല. അതേ സമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലോ ആശുപത്രി ബെഡുകളുടെ വിനിയോഗം 60 ശതമാനത്തിന് മുകളിലോ ഉള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു

നിയന്ത്രണങ്ങളും മറ്റുനടപടികളും കർശനമായി നടപ്പാക്കുന്നത് കാരണം ചില വടക്കുകിഴക്കൻ മേഖലകളിലൊഴികെ രാജ്യത്തുടനീളം കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ്കുമാർ ഭല്ലയുടെ കുറിപ്പിൽ പറയുന്നു.

‘വ്യാപനം കുറയുന്നുണ്ടെങ്കിലും സജീവമായ കേസുകൾ ഇപ്പോഴും ഉയർന്ന നിലയിലായതിനാൽ നിയന്ത്രണങ്ങൾ കർശനമായി തുടരേണ്ടത് പ്രധാനമാണ്. പ്രദേശിക സാഹചര്യങ്ങളും ആവശ്യകതകളും വിലയിരുത്തി ഘട്ടംഘട്ടമായി ഇളവ് നൽകുന്നത് സംസ്ഥാനങ്ങൾക്ക് ആലോചിക്കാം’-സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാർക്ക് നൽകിയ ഉത്തരവിൽ ഭല്ല വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here