കാസർകോട് ∙നാളെ തിരഞ്ഞെടുപ്പു ഫലം വരാനിരിക്കേ, ഉദ്വേഗത്തിന്റെയും ആശങ്കയുടെയും ഉച്ചസ്ഥായിയിലാണു രാഷ്ട്രീയ പാർട്ടികൾ. വിജയത്തിനും പരാജയത്തിനും മാത്രമല്ല, ഭൂരിപക്ഷത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്കു പോലും വലിയ രാഷ്ട്രീയ മാനമുണ്ട്. ഓരോ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പു ഫലം രാഷ്ട്രീയ പാർട്ടികളെ എങ്ങനെ ബാധിക്കും?
മഞ്ചേശ്വരം
∙ വിജയം യുഡിഎഫിനെങ്കിൽ- ബിജെപിയെ പ്രതിരോധിക്കുന്നതിൽ യുഡിഎഫാണ് മുൻപിലെന്ന് ഒരിക്കൽ കൂടി കേരളത്തോട് വിളിച്ചു പറയാം. മണ്ഡലത്തിൽ നിന്നു തന്നെയുള്ള എ.കെ.എം.അഷ്റഫിനെ സ്ഥാനാർഥിയാക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനം ശരിയെന്ന് തെളിയുകയും ചെയ്യും. മറുപക്ഷത്ത് ബിജെപിയിൽ മണ്ഡലത്തിനു പുറത്തു നിന്നുള്ള സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ വീണ്ടും മത്സരിപ്പിച്ച തീരുമാനം പാർട്ടിക്കുള്ളിൽ ചോദ്യം ചെയ്യപ്പെടാം.
∙ വിജയം എൻഡിഎയ്ക്കെങ്കിൽ- സംസ്ഥാന അധ്യക്ഷനൊപ്പം എംഎൽഎ കൂടി ആകുന്നതോടെ ബിജെപിയിലും സംസ്ഥാന രാഷ്ട്രീയത്തിലും കെ.സുരേന്ദ്രൻ കൂടുതൽ കരുത്തനാകും. മറുപക്ഷത്ത് യുഡിഎഫിനുള്ളിൽ ഇത് വലിയ പ്രതിസന്ധിക്കിടയാക്കും. കോൺഗ്രസിന്റെ സഹായം മതിയായ രീതിയിൽ ലഭിച്ചില്ലെന്ന മുസ്‌ലിം ലീഗിനുള്ളിലെ അടക്കം പറച്ചിൽ ഇതോടെ പരസ്യമാകും. എൽഡിഎഫിന് വോട്ടുകൾ കുറഞ്ഞാൽ അത് എങ്ങോട്ട് പോയെന്ന ചോദ്യവും വോട്ട് മറിക്കൽ ആരോപണങ്ങളും കൂടുതൽ ശക്തമാകും. സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ എൽഡിഎഫിലും ചർച്ചയാകും.
കാസർകോട്
∙ വിജയം യുഡിഎഫിനെങ്കിൽ- യുഡിഎഫിനു ഭരണം ലഭിച്ചാൽ മൂന്നാം തവണയും എംഎൽഎ ആകുന്ന എൻ.എ.നെല്ലിക്കുന്ന് മന്ത്രിസഭയിൽ എത്തിയേക്കും. എൽഡിഎഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകൾ പോലും ലഭിച്ചില്ലെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഐഎൻഎല്ലിൽ നിന്നു മണ്ഡലം ഏറ്റെടുക്കാൻ സിപിഎം തയാറായേക്കും.
∙ വിജയം എൻഡിഎയ്ക്കെങ്കിൽ- ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്തിന്റെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനമാകും. മറുഭാഗത്ത് യുഡിഎഫിനുള്ളിൽ വോട്ട് ചോർച്ച വലിയ പ്രതിസന്ധിക്കിടയാക്കും. പ്രചാരണ രംഗത്ത് വീഴ്ച വരുത്തിയവർക്കെതിരെ കടുത്ത നടപടി പോലുമുണ്ടാകും.
ഉദുമ
∙വിജയം എൽഡിഎഫിനെങ്കിൽ- വികസനത്തെ മുൻനിർത്തി, പെരിയ ഇരട്ടക്കൊലപാതകം നടന്ന മണ്ഡലം നിലനിർത്താൻ കഴിഞ്ഞാൽ സിപിഎമ്മിനും എൽഡിഎഫിനും യുഡിഎഫ് ആരോപണങ്ങളെ നേരിടാൻ ധൈര്യം പകരും. മറുപക്ഷത്ത് യുഡിഎഫിൽ പ്രത്യേകിച്ച് കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്ക് ഇതു വഴിയൊരുക്കും.
∙വിജയം യുഡിഎഫിനെങ്കിൽ- യുഡിഎഫ് വിജയത്തേക്കാൾ അത് ബാലകൃഷ്ണൻ പെരിയയുടെയും രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെയും വിജയമാകും. ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ഗ്രൂപ്പ് സമവാക്യത്തിനും ഇതുവഴിയൊരുക്കും. മറുപക്ഷത്ത് എൽഡിഎഫിനുള്ളിൽ പെരിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ച് പുനർ വിചിന്തനം നടത്തേണ്ടി വരും. പ്രത്യേകിച്ച് സിബിഐ അന്വേഷണം കൂടി നടക്കുന്ന ഘട്ടത്തിൽ. സിപിഎം കേന്ദ്രമായ ബേഡഡുക്കയിൽ ലീഡ് കുറഞ്ഞാൽ അതും വലിയ ചർച്ചയാകും.
കാഞ്ഞങ്ങാട്
∙വിജയം എൽഡിഎഫിനെങ്കിൽ – സംസ്ഥാന രാഷ്ട്രീയത്തിലും സിപിഐയിലും ഇ.ചന്ദ്രശേഖരൻ കുറെ കൂടി ശക്തനാകും. എൽഡിഎഫിനു തുടർഭരണം ലഭിച്ചാൽ വീണ്ടും മന്ത്രിയാകാനും സാധ്യതയുണ്ട്. മറുപക്ഷത്ത് കോൺഗ്രസിനുള്ളിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാകും.
∙വിജയം യുഡിഎഫിനെങ്കിൽ- സംസ്ഥാനത്തെ ഏറ്റവും വലിയ അട്ടിമറി വിജയമായി ഇതുമാറും. മറുപക്ഷത്ത് എൽഡിഎഫിൽ സിപിഎം കേന്ദ്രങ്ങളിലെ ആവേശക്കുറവും സ്ഥാനാർഥിത്വത്തെച്ചൊല്ലി സിപിഐയിൽ ഉണ്ടായ പ്രശ്നങ്ങളും നേതൃത്വം ഗൗരവത്തോടെ എടുക്കുകയും നടപടിയിലേക്ക് വഴിയൊരുക്കുകയും ചെയ്യും.
തൃക്കരിപ്പൂർ
∙വിജയം എൽഡിഎഫിനെങ്കിൽ- ഇടതുകോട്ട എന്ന വിശേഷണം മണ്ഡലത്തിന് ഒരിക്കൽ കൂടി അടിവരയിടും. മറുപക്ഷത്ത് യുഡിഎഫിനുള്ളിൽ, ചർച്ചയില്ലാതെ മണ്ഡലം ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകിയ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ വിമർശനങ്ങൾ ഉയരും.
∙വിജയം യുഡിഎഫിനാണെങ്കിൽ– സിപിഎമ്മിൽ അത് വലിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കും. പ്രത്യേകിച്ച് ആദ്യം എം.രാജഗോപാലന് രണ്ടാമൂഴം നിഷേധിക്കുകയും ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനെ പരിഗണിക്കുകയും ചെയ്ത സാഹചര്യത്തിൽ.