യു.പിയില്‍ വൃദ്ധന്റെ മൃതദേഹത്തെ മാലിന്യം ശേഖരിക്കുന്ന വാഹനത്തില്‍ തള്ളി പൊലീസുകാര്‍; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകം

0
336

ലക്‌നൗ: യു.പിയില്‍ രോഗബാധിതനായി മരിച്ച വൃദ്ധന്റെ മൃതദേഹം മാലിന്യം ശേഖരിക്കുന്ന ട്രക്കിലേക്ക് വലിച്ചെറിഞ്ഞ് പൊലീസ്. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം.

പൊലീസുകാര്‍ മൃതദേഹം ഒരു ഷീറ്റില്‍ പൊതിഞ്ഞ് മാലിന്യം ശേഖരിക്കുന്ന വാഹനത്തിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ആര്‍.കെ ഗൗതം രംഗത്തെത്തിയിരുന്നു.

ദല്‍ഹിയില്‍ ജോലി ചെയ്തിരുന്ന അമ്പത് വയസ്സുകാരന്റെ മൃതദേഹമാണ് മാലിന്യ കുമ്പാരത്തിലേക്ക് പൊലീസ് വലിച്ചെറിഞ്ഞത്. ലോക്ഡൗണില്‍ യു.പിയിലേക്ക് തിരിച്ചെത്തിയശേഷം ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇദ്ദേഹത്തെ ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്തു.

തുടര്‍ന്നാണ് മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് ബന്ധുക്കള്‍ക്ക് നല്‍കാന്‍ അധികൃതര്‍ ഉത്തരവിട്ടത്. തുടര്‍ന്ന് ഇവിടെയെത്തിയ പൊലീസുകാരാണ് മൃതദേഹം മാലിന്യം കൊണ്ടുപോകുന്ന വാഹനത്തിലേക്ക് തള്ളിയതെന്ന് മരിച്ചയാളുടെ ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ ബന്ധുക്കള്‍ നടത്തുന്നത് അടിസ്ഥാനരഹിതമായ ആരോപണമെന്നാണ് ആശുപത്രി അധികൃതരുടെ വാദം. വൃദ്ധന്‍ മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചെന്നും എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ആരും എത്തിയില്ലെന്നും അധികൃതര്‍ പറയുന്നു.

പിന്നീട് മരിച്ചയാളുടെ മകന്‍ തന്നെയാണ് ഒരു വാഹനം അയച്ചുവെന്നും അതില്‍ മൃതദേഹം കയറ്റിവിട്ടാല്‍ മതിയെന്നും ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചത്. മാലിന്യം ശേഖരിക്കുന്ന വാഹനം ആശുപത്രിയിലേക്ക് അയച്ചത് മരിച്ചയാളുടെ സ്വന്തം മകന്‍ തന്നെയാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here