‘മുസ്ലിങ്ങള്‍ എന്റെ സഹോദരങ്ങള്‍ ധൈര്യമുണ്ടെങ്കില്‍ പുറത്താക്കട്ടെ’; തേജസ്വിക്കെതിരെ ഡി.കെ.ശിവകുമാര്‍

0
340

ബെംഗളൂരു: കോവിഡ് രോഗികളുടെ കിടക്കകള്‍ ബുക്ക്ചെയ്യുന്നത് സംബന്ധിച്ച യുവമോര്‍ച്ച നേതാവ് തേജസ്വി സൂര്യയുടെ വര്‍ഗീയച്ചുവയുള്ള പരാമര്‍ശങ്ങള്‍ക്കെതിരേ കെ.പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. കോവിഡ് വാര്‍ റൂമിലെ 205 ജീവനക്കാരുടെ പേരുകളില്‍നിന്ന് 17 മുസ്ലിം പേരുകള്‍ മാത്രം തിരഞ്ഞുപിടിച്ച് വെളിപ്പെടുത്തിയ തേജസ്വി സൂര്യ എം.പി. ക്രമക്കേടിന് വര്‍ഗീയ നിറം പകരാനാണ് ശ്രമിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു.

‘മുസ്ലിങ്ങളെ എങ്ങനെയാണ് തേജസ്വി സൂര്യക്ക് ഇത്തരത്തില്‍ അധിക്ഷേപിക്കാന്‍ സാധിക്കുന്നത്. അവര്‍ എന്റെ സഹോദരങ്ങളാണ്. ഇന്ത്യയില്‍ ഞങ്ങള്‍ ഒന്നിച്ചുജീവിക്കും. ഒന്നിച്ചുതന്നെ മരിക്കും. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ കോടിക്കണക്കിന് മുസ്ലിങ്ങള്‍ ഈ രാജ്യത്തെ സേവിക്കുന്നുണ്ട്. വ്യത്യസ്ത വിശ്വാസങ്ങളും ആചാരങ്ങളുമുണ്ടാകും. എന്നാല്‍ ധര്‍മ്മവും ദൈവത്തിലേക്കുള്ള മാര്‍ഗവും ഒന്നു തന്നെയാണ്. ഇങ്ങനെ അധിക്ഷേപിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ നിര്‍ദേശിക്കണം’ ശിവകുമാര്‍ പറഞ്ഞു.

മുസ്ലിം സഹോദരങ്ങള്‍ മാംസം മുറിച്ചില്ലെങ്കില്‍ ഇവിടെയാരും മാംസാഹാരം കഴിക്കില്ല. അവര്‍ മെക്കാനിക്കിന്റെ ജോലിചെയ്തില്ലെങ്കില്‍ ഇവിടെ വാഹനമോടില്ല. ധൈര്യമുണ്ടെങ്കില്‍ ബി.ജെ.പി. ഇന്ത്യയില്‍ നിന്ന് പുറത്താക്കി കാണിക്കട്ടേയെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

ബി.ജെ.പി. പ്രവര്‍ത്തകരും സാമാജികരുമാണ്‌ യഥാര്‍ഥത്തില്‍ ആശുപത്രികളിലെ കോവിഡ് കിടക്കകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതെന്നും ഡി.കെ. ശിവകുമാര്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here