കോവിഡ് മഹാമാരി ആളുകളുടെ ജീവൻ കവരുന്നതിൽ പകച്ച് ലോകം നിൽക്കുമ്പോൾ മറ്റൊരു ദുരന്തം കൂടി സംഭവിച്ചേക്കാമെന്ന ആശങ്കയിൽ ലോകം. നിയന്ത്രണം വിട്ട് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച ലോങ് മാർച്ച് 5ബി എന്ന ചൈനീസ് റോക്കറ്റാണ് ആശങ്ക ഉയർത്തുന്നത്. അന്തരീക്ഷത്തിൽ വച്ച് റോക്കറ്റ് പൂർണമായും കത്തി നശിച്ചില്ലെങ്കിൽ ഭാഗങ്ങൾ ഭൂമിയിൽ പതിക്കും. ഇത് വീഴാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഇന്ത്യയും ഉണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ചൈനയുടെ സ്വപ്നപദ്ധതി ലാർജ് മോഡ്യുലർ സ്പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാൻഹെ മൊഡ്യൂളിനെ ഏപ്രിൽ 29 നു ഭ്രമണപഥത്തിലെത്തിച്ച ശേഷം തിരിച്ചിറക്കത്തിലാണു റോക്കറ്റിനു നിയന്ത്രണം നഷ്ടമായത്. മേയ് എട്ടിനും പത്തിനും ഇടയിൽ എപ്പോൾ വേണമെങ്കിലും റോക്കറ്റ് ഭൂമിയിൽ പതിച്ചേക്കാമെന്നാണ് യുഎസ് പ്രതിരോധ വകുപ്പ് പറയുന്നത്.
ഇന്ത്യയെ കൂടാതെ ഓസ്ട്രേലിയ, ന്യൂസീലൻഡ്, ആഫ്രിക്ക, തെക്കേ അമേരിക്ക, വടക്കേ അമേരിക്കയുടെ തെക്കൻ പ്രദേശം എന്നിവിടങ്ങൾ റോക്കറ്റിന്റെ സഞ്ചാരപഥത്തിൽ പെടുന്നു. ആകെ 849 ടൺ ഭാരമാണ് റോക്കറ്റിനുള്ളത്.
2018 ൽ ചൈനയുടെ ടിയാൻഗോങ് 1 എന് ബഹിരാകാരശനിലയവും നിയന്ത്രണം വിട്ട് തിരിച്ചിറങ്ങിയത് വലിയ ഭീഷണിയായിരുന്നു. റഷ്യയുടെ മിർ നിലയം, യുഎസിന്റെ സ്കൈലാബ് പേടകം എന്നിവയും ഇങ്ങനെ ഭൂമിയിൽ പതിച്ചിട്ടുണ്ട്. സ്കൈലാബ് ദൗത്യം പൂർത്തീകരിച്ച് മടങ്ങിയെത്തുമ്പോഴായിരുന്നു കത്തിയത്. കടലിലും ഓസ്ട്രേലിയയിലെ പെർത്തിലുമായാണ് പേടകത്തിന്റെ ഭാഗങ്ങൾ പതിച്ചത്.