കോഴിക്കോട്: വലിയ വിജയത്തിനിടയിലും വടകരയിലെ ആര്‍.എം.പിയുടെ എം.എല്‍.എ സ്ഥാനം പിണറായിയെ അലോസരപ്പെടുത്തുമെന്ന് കെ.കെ രമ.
കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ ശക്തമായി ശബ്ദമുയര്‍ത്തും. ജീവിച്ചിരിക്കുന്ന ടി.പിയെ സഭയില്‍ പിണറായിക്ക് കാണാമെന്നും രമ പറഞ്ഞു.
മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്. വടകര വിധിയെഴുത്ത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ളതാണ്. എതിരഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്നവര്‍ക്കെതിരെ പോരാടും.
ടി.പിയ്ക്ക് സമര്‍പ്പിക്കാനുള്ള വിജയമാണിത്. ഒരാശയത്തെയാണ് സി.പി.ഐ.എം ഇല്ലാതാക്കാന്‍ നോക്കിയത്. ആര്‍.എം.പിയുടെ രാഷ്ട്രീയത്തിന് കൂടുതല്‍ പ്രസക്തിയുണ്ടെന്നും രമ കൂട്ടിച്ചേര്‍ത്തു.
ടി.പി ചന്ദ്രശേഖരന്റെ ഒന്‍പതാം രക്തസാക്ഷി ദിനമായ ഇന്ന് ടി.പിയുടെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും അനുസ്മരണ യോഗം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
വടകരയിലെ ജയം പിണറായി വിജയനോടുള്ള മറുപടിയാണെന്ന് വിജയത്തിന് പിന്നാലെ കെ.കെ രമ പ്രതികരിച്ചിരുന്നു. സി.പി.ഐ.എം പ്രവര്‍ത്തകരുടെയും വോട്ട് കൂടി ലഭിച്ചതിനാലാണ് താന്‍ ജയിച്ചത്. ടി.പി ചന്ദ്രശേഖരനെ മണ്ണില്‍ ഇല്ലാതാക്കിയ സി.പി.ഐ.എം നേതൃത്വത്തോടുള്ള പ്രതികാരമാണ് തന്റെ വിജയമെന്നും രമ പറഞ്ഞിരുന്നു.
യു.ഡി.എഫിനൊപ്പം ശക്തമായ പ്രതിപക്ഷമായി നിയമസഭയില്‍ തുടരും. മുന്നണിയില്‍ ഇല്ലാത്തതിനാല്‍ ഓരോ വിഷയത്തിലും സാഹചര്യം അനുസരിച്ച് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും രമ പറഞ്ഞു.
സി.പി.ഐ.എമ്മിന് വോട്ടര്‍മാര്‍ നല്‍കിയ മറുപടിയാണിത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ആളുകള്‍ തനിക്ക് വോട്ട് ചെയ്തു. വ്യത്യസ്തമായ രാഷ്ട്രീയം പറഞ്ഞതിന്റെ പേരില്‍ വ്യത്യസ്തമായ ആശയങ്ങളെ മണ്ണില്‍ വാഴിക്കില്ലെന്ന തീരുമാനം ഒരു പാര്‍ട്ടിക്കും പാടില്ല. അത്തരത്തില്‍ ജനാധിപത്യം പുലരണമെന്ന് താത്പര്യമുള്ള ആളുകളാണ് തനിക്ക് വോട്ട് ചെയ്തതെന്നും കെ.കെ രമ ചൂണ്ടിക്കാട്ടി.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ ഏഴായിരത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു കെ.കെ രമയുടെ ചരിത്ര വിജയം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.കെ.നാണു 9511 വോട്ട് ഭൂരിപക്ഷം നേടിയിരുന്നെങ്കില്‍ രമയുടെ ഭൂരിപക്ഷം 7014 ആണ്.