കേരളത്തിലെ വിജയം പിണറായിയുടെ മാത്രം ജയമാക്കി ചുരുക്കാന്‍ ശ്രമം; പിണറായിയുടെ സര്‍വാധിപത്യമെന്ന് വരുത്തിതീര്‍ക്കുന്നുവെന്നും സി.പി.ഐ.എം

0
674

ദില്ലി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം പിണറായി വിജയന്റെ മാത്രം ജയമായി ചുരുക്കാൻ മാധ്യമ ശ്രമമെന്ന് സിപിഎം. പിണറായിയുടെ വ്യക്തി പ്രഭാവമാണ് കേരളത്തിലെ വിജയത്തിന് കാരണമെന്നും പാർട്ടിയിലും സർക്കാരിലും പിണറായി ആധിപത്യം എന്ന് വരുത്തിത്തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നുമാണ് സിപിഎമ്മിന്റെ ദില്ലിയിലെ മുഖപത്രമായ പിപ്പിൾസ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിലെ കുറ്റുപ്പെടുത്തൽ.

കേരളത്തിലെ വിജയം പിണറായി വിജയന്റെ മാത്രം ജയമായി ചിത്രീകരിക്കുന്നതിനെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടായാണ് മുഖപ്രസംഗം വിലയിരുത്തപ്പെടുന്നത്. കേരളത്തിലെ ഫലത്തിൽ സിപിഎം കേന്ദ്രനേതൃത്വത്തിനറെ പ്രാഥമിക വിലയിരുത്തലിലാണ് ഇത്. പ്രകാശ് കാരാട്ട് പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡമോക്രസിയിൽ എഴുതിയ ലേഖനത്തിൽ ഇതിനെതിരായ വാദങ്ങൾ നിരത്തുന്നു. പിണറായിയുടെ വ്യക്തിപ്രഭാവമാണ് വിജയത്തിന് കാരണമെന്ന് വരുത്താൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. പാർട്ടിക്കും സർക്കാരിലും പിണറായിക്ക് ആധിപത്യം എന്ന് ചിത്രീകരിക്കാനാണ് നീക്കം. പരമാധികാരിയായ കരുത്തനായ നേതാവിൻറെ ഉദയമായി ഇതിനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നു.

പിണറായി ഭരണത്തിൽ മികച്ച മാതൃക കാട്ടി എന്നതിൽ സംശയമില്ല. എന്നാൽ ഇത് വ്യക്തിപരമായും കൂട്ടായും നടത്തിയ പരിശ്രമത്തിൻറെ ഫലമെന്നും സിപിഎം ഓർമ്മിപ്പിക്കുന്നു. ബദൽ രാഷ്ട്രീയ മാതൃതയ്ക്കാണ് ജനം അംഗീകാരം നല്കിയത്. പുതിയ മന്ത്രിസഭ കൂട്ടായ പരിശ്രമം വ്യക്തിപരമായ ഉത്തരവാദിത്തം എന്ന നയം  പിന്തുടരുമെന്നാണ് പാർട്ടി നല്കുന്ന സന്ദേശം. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ സിപിഎം കേന്ദ്ര നേതാക്കൾ ക്യാപ്റ്റൻ എന്ന വിശേഷണം തള്ളിയിരുന്നു.

മാധ്യമങ്ങൾക്കാണ് പഴിയെങ്കിലും തെരഞ്ഞെടുപ്പ് വിജയം ഒറ്റ വ്യക്തിയിലേക്ക് ചുരുക്കേണ്ട എന്ന വ്യക്തമായ സന്ദേശം തന്നെയാണ് സിപിഎം ഈ നിലപാടിലൂടെ നൽകുന്നത്. വരാൻ പോകുന്ന നാളുകളിൽ പാർട്ടിയും സർക്കാരും പിണറായിയിലേക്ക് ചുരുങ്ങുമോ എന്ന ആശങ്കയും ഈ തുറന്നു പറച്ചിലിലൂടെ വ്യക്തമാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here