ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് കെ.എസ് ഭരതിനെ കൂടി ഉള്‍പ്പെടുത്തി. കോവിഡ് ബാധിച്ച വൃദ്ധിമാന്‍ സാഹയ്ക്ക് കരുതല്‍ താരമെന്ന നിലയിലാണ് ഭരതിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സാഹ കോവിഡില്‍ നിന്ന് മോചിതനായെങ്കിലും വിക്കറ്റ് കീപ്പിംഗ് ഒരു പ്രത്യേക ദൗത്യം ആയതിനാലാണ് ടീമിലേക്ക് ഭരതിനെക്കൂടി ചേര്‍ക്കുവാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്. പ്രധാന വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ആയതിനാല്‍ തന്നെ താരത്തിന് പരമ്പരയില്‍ അവസരമൊന്നും ലഭിക്കാന്‍ സാധ്യതയില്ല.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള 20 അംഗ ടീമിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കും ഈ ടീം തന്നെയായിരിക്കും കളിക്കുക. ജൂണ്‍ 18 മുതല്‍ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. ഇതിന് ശേഷം ഓഗസ്റ്റിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, കെ.എസ് ഭരത്.