ഹരാരെ: തൊണ്ണൂറുകളിലും 2000-ത്തിന്റെ തുടക്കത്തിലും ക്രിക്കറ്റ് ലോകത്തെ താരതമ്യേന ശക്തരായ നിരയായിരുന്നു സിംബാബ്‌വെയുടേത്. ഹീത്ത് സ്ട്രീക്ക്, അലിസ്റ്റര്‍ കാംമ്പെല്‍, ആന്‍ഡി ഫ്‌ളവര്‍, ഗ്രാന്‍ഡ് ഫ്‌ളവര്‍, തതേന്ദ തയ്ബു, ഹെന്റി ഒലോംഗ തുടങ്ങിയവരടങ്ങിയ സിംബാബ്‌വെ നിര ലോകത്തെ ഏത് ടീമിനെയും വിറപ്പിക്കാന്‍ പോന്നവരായിരുന്നു.
പക്ഷേ പല താരങ്ങളുടെയും വിരമിക്കലും ക്രിക്കറ്റ് ബോര്‍ഡിലെ പ്രശ്‌നങ്ങളും സിംബാബ്‌വെ ക്രിക്കറ്റിനെ തകര്‍ത്തുകളഞ്ഞു.
ഇപ്പോഴിതാ സിംബാബ്‌വെ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ ദുരവസ്ഥ കാണിച്ചുതരുന്ന ഒരു ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പുതിയ ഷൂ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ഓരോ പരമ്പര കഴിയുമ്പോഴും കേടുവന്ന ഷൂ ഒട്ടിച്ച് വീണ്ടും ഉപയോഗിക്കേണ്ട സിംബാബ്‌വെ താരങ്ങളുടെ അവസ്ഥ പങ്കുവെച്ചിരിക്കുന്നത് ടീം അംഗം റയാന്‍ ബേളാണ്.
ട്വിറ്ററില്‍ കേടായ ഷൂ പശതേച്ച് വെച്ചിരിക്കുന്ന ചിത്രം പങ്കുവെച്ച് ‘ഞങ്ങള്‍ക്ക് ഒരു സ്‌പോണ്‍സറെ കിട്ടാന്‍ വഴിയുണ്ടോ, അങ്ങനെയെങ്കില്‍ ഓരോ പരമ്പര കഴിയുമ്പോഴും ഞങ്ങള്‍ക്ക് ഷൂ ഒട്ടിച്ച് വീണ്ടും ഉപയോഗിക്കേണ്ടി വരില്ലായിരുന്നു’ എന്ന് ബേള്‍ കുറിച്ചു.
ട്വീറ്റ് വൈറലായതോടെ നിരവധി പേരാണ് താരത്തിന് പിന്തുണയറിയിച്ച് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്.