ദുബായ്: എല്ലാ സമയത്തെയും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഫലം മീഡിയകളും വ്യക്തികളുമൊക്കെ പ്രവചിക്കാറുണ്ട്. അക്കൂട്ടത്തില്‍ ചിലപ്പോഴൊക്കെ പ്രവചനം ശരിയാകാറുമുണ്ട്.
അങ്ങനെ ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച ഒരാളുണ്ട് അങ്ങ് ദുബായിയില്‍. തൃശൂര്‍ ചാവക്കാട് അണ്ടത്തോട് സ്വദേശിയായ 27കാരന്‍ അല്‍ അമീനാണ് ആ സൂപ്പര്‍ പ്രചവനം നടത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുന്‍പത്തെ ദിവസം ഫേസ്ബുക്കിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലുമാണ് അമീന്‍ തന്റെ പ്രവചനം പോസ്റ്റ് ചെയ്തത്. എല്‍ഡിഎഫിന് 99 സീറ്റും യുഡിഎഫിന് 41 സീറ്റും എന്‍ഡിഎക്ക് പൂജ്യവുമാണ് അമീന്‍ പ്രവചിച്ചത്. ഇത് വെറും ‘തള്ളാണ്’ എന്നായിരുന്നു ആദ്യം വന്ന കമന്റുകള്‍. കുറച്ച് കുറക്കാന്‍ പറ്റുമോ എന്ന് പോലും പലരും ചോദിച്ചു.
ഇതു കണ്ടു യുഡിഎഫ് അനുഭാവികള്‍ പറയാത്ത ‘നല്ല’ വാക്കുകളൊന്നുമില്ലായിരുന്നു. അതേസമയം, എല്‍ഡിഎഫ് അനുഭാവികളാണെങ്കില്‍ ഇതില്‍ക്കൂടുതല്‍ കിട്ടുമെന്നു പ്രതീക്ഷിക്കുന്നതായും ആഹ്‌ളാദത്തോടെ അറിയിച്ചു. എന്നാല്‍ അമീന്‍ ഒന്നും പ്രതികരിച്ചില്ല.
കഴിഞ്ഞദിവസം ഫലം വന്നപ്പോള്‍, അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, അമീനിന്റെ പ്രവചനം കിറുകൃത്യം. നാട്ടില്‍ ട്രാവല്‍സില്‍ ജോലി ചെയ്തിരുന്ന അമീന്‍ ജോലി തേടിയാണ് ദുബായിയില്‍ എത്തിയിരിക്കുന്നത്. നിലവില്‍ സഹോദരി സുമയ്യയുടെ കുടുംബത്തോടൊപ്പം ദിബ്ബ അല്‍ഹിസനിലാണ് താമസം. ബികോം ബിരുദ ധാരിയും അയാട്ടയും പഠനവും പൂര്‍ത്തിയാക്കിയിട്ടുണ്ട് അല്‍ അമീന്‍.
പ്രത്യേക രാഷ്ട്രീയ ചായ്‌വ് ആരോടുമില്ലെങ്കിലും നാട്ടിലെ രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ തത്പരനായിരുന്നു. പത്ര ഓണ്‍ലൈന്‍ ടെലിവിഷന്‍ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകളൊക്കെ ഏറെ ശ്രദ്ധിക്കും. അങ്ങനെയാണു തിരഞ്ഞെടുപ്പിലെ വിജയസാധ്യത ഒന്നു ചികഞ്ഞുനോക്കാമെന്നു കരുതിയത്.
ഒരു മാസമായി തെരഞ്ഞെടുപ്പ് പ്രവചനം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യണമെന്ന് ആലോചിക്കുന്നു. 120 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു കണക്ക് കൂട്ടല്‍. പക്ഷെ, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്രതിപക്ഷം ഉണര്‍ന്ന് പ്രവര്‍ത്തിച്ചതും സ്വര്‍ണക്കടത്ത്, പിഎസ്‌സി നിയമനം, ആഴക്കടല്‍ മത്സ്യ ബന്ധനം തുടങ്ങിയവയും ഇടതുപക്ഷത്തിന്റെ സീറ്റ് കുറക്കുമെന്ന് കരുതി. അങ്ങിനെയാണ് 99- 41ല്‍ പ്രചവനം നടത്തിയത്.
പിണറായി സര്‍ക്കാറിന്റെ ജനകീയ നയങ്ങളും പ്രളയം, നിപ, കോവിഡ് പോലുള്ള ദുരന്തങ്ങളെ മികച്ച രീതിയില്‍ നേരിട്ടതുമാണ് ഇടതുപക്ഷത്തിന് തുണയായതെന്നാണ് അമീന്റെ വിശ്വാസം. ഇത് കണക്കാക്കിയാണ് സീറ്റ് പ്രവചനം നടത്തിയത്.