മംഗളൂരു ∙ മംഗളൂരുവിൽ നിന്നു മഹാരാഷ്ട്രയിലേക്കു പോയ കാറിലുണ്ടായിരുന്ന 4.9 കിലോ സ്വർണം ബെളഗാവിയിൽ പൊലീസുകാർ കൊള്ളയടിച്ചതായി ആരോപണം. സംഭവം സംബന്ധിച്ച് കുറ്റാന്വേഷണ വിഭാഗം (സിഐഡി) അന്വേഷണം ആരംഭിച്ചു. മംഗളൂരു സ്വദേശിയായ ബിസിനസുകാരന്റെ കാറിൽ ഉണ്ടായിരുന്ന സ്വർണമാണു നഷ്ടപ്പെട്ടത്. ഇതിന് 2.5 കോടി രൂപ വില വരും. സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം ബന്ധമുണ്ടെന്നാണു സൂചന.
കഴിഞ്ഞ ജനുവരിയിൽ ബെളഗാവി യമകനമറഡി പൊലീസ് സ്റ്റേഷനിൽ ആണു സംഭവം. സ്വർണം നഷ്ടപ്പെതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതോടെയാണ് സംഭവം പുറത്തു വന്നത്. ജനുവരി 9്‌ന് യമകനമറഡി പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണു കാർ മറ്റെന്തോ കാരണത്തിനു കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇതു പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഈ സമയത്തു കാറിൽ സ്വർണം ഉണ്ടെന്ന കാര്യം പൊലീസിന് അറിയില്ലായിരുന്നു.
പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച കാറിന്റെ ചില്ല് കഴിഞ്ഞ മാർച്ചിൽ പൊട്ടിയിരുന്നു. ഇക്കാര്യം എസ്‌ഐ അറിയിച്ചപ്പോൾ പുതിയ ചില്ല് ഇടാനായിരുന്നു ഡിവൈഎസ്പിയുടെ നിർദേശം. തുടർന്നു പുതിയ ചില്ല് ഇടുകയും ചെയ്തു. ഈ സമയത്താണു കാറിൽ നിന്നു സ്വർണം നഷ്ടപ്പെട്ടത് എന്നാണു കരുതുന്നത്. ഇതിനുടെ കാറുടമ മധ്യസ്ഥൻ മുഖേന പൊലീസിനെ ബന്ധപ്പെട്ട് ഇതു വിട്ടു കിട്ടുന്നതിനായി 30 ലക്ഷം രൂപ നൽകാൻ ധാരണയായി.
ഇതിൽ 25 ലക്ഷം രൂപ നൽകുകയും ചെയ്തു. ഇതിനു പിന്നാലെ ഏപ്രിൽ 16നു കാർ ഉടമയ്ക്കു വിട്ടു കൊടുക്കാൻ കോടതി ഉത്തരവും വന്നു. തുടർന്ന് കാർ തിരികെ കിട്ടിയപ്പോഴാണ് ഇതിലുണ്ടായിരുന്ന സ്വർണം നഷ്ടപ്പെട്ട കാര്യം ഇയാൾ അറിയുന്നത്. സിഐഡി അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ബെളഗാവി നോർത്ത് ഐജി രാഘവേന്ദ്രയെയും സ്ഥലം ഡിവൈഎസ്പി മുതൽ എസ്‌ഐ വരെ ഉള്ളവരെയും സ്ഥലം മാറ്റിയിട്ടുമുണ്ട്.