സി.എ.എ നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്രം; മുസ്‌ലിം അല്ലാത്ത അഭയാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

0
343

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മുസ്‌ലിം അല്ലാത്ത അഭയാര്‍ത്ഥികളില്‍ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു.

2014 ഡിസംബര്‍ 31 വരെ ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ജൈന്‍, സിഖ്, ബുദ്ധ മതക്കാരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

രാജ്യത്തെ 13 സംസ്ഥാനങ്ങളില്‍ ജീവിക്കുന്നവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. രാജ്യം മുഴുവന്‍ പ്രതിഷേധം ഉയര്‍ന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ല.

എന്നാല്‍ പൗരത്വ നിയമം 1955, 2009 നിയമപ്രകാരം രൂപപ്പെടുത്തിയ ചട്ടങ്ങള്‍ പ്രകാരം ഉത്തരവ് ഉടനടി നടപ്പാക്കുന്നതായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

2019 ല്‍ സി.എ.എ നടപ്പാക്കിയപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. 2020 ന്റെ തുടക്കത്തില്‍ ദല്‍ഹിയില്‍ കലാപങ്ങള്‍ പോലും നടന്നിരുന്നു.

നേരത്തെ പൗരത്വ നിയമം രാജ്യത്ത് ഉടന്‍ നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ പറഞ്ഞിരുന്നു. കേരളത്തില്‍ നിന്നുള്ള ലോക്സഭാംഗം വി.കെ ശ്രീകണ്ഠന്റെ ചോദ്യത്തിനായിരുന്നു കേന്ദ്രത്തിന്റെ മറുപടി.

നിയമനിര്‍മാണത്തിനുള്ള കമ്മിറ്റികള്‍ പൗരത്വ നിയമപ്രകാരമുള്ള ചട്ടങ്ങള്‍ ക്രമപ്പെടുത്തുന്നതിന് ലോക്സഭയ്ക്ക് ഏപ്രില്‍ 9 വരേയും രാജ്യസഭയ്ക്ക് ജൂലൈ 9 വരേയുമാണ് സമയമനുവദിച്ചിരിക്കുന്നത്.

2019 ഡിസംബര്‍ 12 നാണ് പൗരത്വ നിയമം പാസാക്കിയത്. പുതിയതോ ഭേദഗതി ചെയ്തതോ ആയ ഏതെങ്കിലും നിയമം നടപ്പിലാക്കുന്നതിന് പ്രാബല്യത്തില്‍ വന്ന് ആറുമാസത്തിനുള്ളില്‍ ആവശ്യമായ ചട്ടങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here