കോലാർ: സഹോദരിയെ പിരിയാനാകില്ലെന്ന് വധു വിഷമം പറഞ്ഞതോടെ സഹോദരിയേയും വിവാഹം ചെയ്ത് വരൻ. ഒരേ പന്തലിൽ വെച്ചാണ് സഹോദരിമാരെ യുവാവ് വിവാഹം ചെയ്തത്. മുമ്പ് നിശ്ചയിച്ച പ്രകാരം വധുവിന് താലിചാർത്തിയതിനൊപ്പം യുവതിയുടെ സഹോദരിയേയും വരൻ വിവാഹം ചെയ്യുകയായിരുന്നു. സഹോദരിമാരിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ വരനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വരൻ ഉമാപതിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
കർണാടകയിലെ കോലാറിൽ കുരുഡുമാലെ ക്ഷേത്രത്തിൽ മേയ് ഏഴിനായിരുന്നു വിവാഹം. വരനായ ഉമാപതിയുടെ ബന്ധുവായ ലളിതയുമായുള്ള വിവാഹം ഇരു കുടുംബങ്ങളും നിശ്ചയിക്കുകയായിരുന്നു. എന്നാൽ സംസാശേഷി ഇല്ലാത്ത തന്റെ സഹോദരി സുപ്രിയയെ കൂടി ഉമാപതി വിവാഹം കഴിക്കണമെന്ന നിബന്ധന ലളിത മുന്നോട്ടുവെക്കുകയായിരുന്നു. സുപ്രിയയ്ക്ക് സംസാരിക്കാനുള്ള സഹായി കൂടിയായിരുന്നു ലളിത. ഇരുവരും പിരിയാനാകാത്ത വിധം ആത്മബന്ധവും ഉണ്ടായിരുന്നു. ഇതാണ് ലളിതയുടെ ആവശ്യത്തിന് പിന്നിൽ.
പിന്നീട് ലളിതയുടെ ആഗ്രഹം ചർച്ചചെയ്ത ഇരുകുടുംബവും ഉമാപതി രണ്ടുപേരേയും വിവാഹം ചെയ്യുന്നതിന് സമ്മതം നൽകി. ഇതുപ്രകാരം മേയ് ഏഴിന് ലളിതയെയും സുപ്രിയയെയും ഉമാപതി ഒരേ പന്തലിൽ വെച്ച് ഒരുമിച്ച് വിവാഹവും കഴിച്ചു. അതേസമയം, സംഭവത്തിന്റെ വിഡിയോ വൈറലായതോടെ പോലീസ് കേസെടുക്കുകയായിരുന്നു.
അതേസമയം സുപ്രിയയുടെ പിതാവ് നാഗരാജപ്പ വിവാഹം കഴിച്ചതും സഹോദരിമാരെയായിരുന്നു. സുപ്രിയയുടെയും ലളിതയുടെയും അമ്മമാരായ റാണിയമ്മയെയും സുബ്ബമ്മയെയും. ഇതിൽ ഒരാളും സംസാര ശേഷി ഇല്ലാത്തയാളാണ്.