കോവിഡ് രോഗവ്യാപനം ലോകത്ത് രൂക്ഷമാവുമ്പോൾ ആശങ്ക ഉയർത്തി പുതിയ കോവിഡ് വകഭേദം വിയറ്റ്നാമിൽ കണ്ടെത്തി. വായുവിലൂടെ അതിവേഗം പടരുന്ന വൈറസിനെയാണ് കണ്ടെത്തിയത്.
ഇന്ത്യയിൽ അതിവേഗ രോഗവ്യാപനത്തിന് കാരണമായ B.1.617 വകഭേദത്തിന്റെയും യുകെ വകഭേദത്തിന്റെയും സങ്കരയിനമാണെന്ന് വിയറ്റ്നാമിൽ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി ഗുയൻ തങ് ലോങ് അറിയിച്ചു.
ലോകാരോഗ്യ സംഘടന ഈ രണ്ട് വകഭേദങ്ങളും ആശങ്കാജനകമായ കോവിഡ് വകഭേദങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ സങ്കരയിനമാണിപ്പോൾ വിയറ്റ്‌നാമിൽ സ്ഥിരീകരിച്ചത്.
നിലവിൽ 6,700ൽ പരം കേസുകളും 47 മരണവുമാണ് വിയറ്റ്നാമിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ വകഭേദവുമായി ബന്ധപ്പെട്ട് എത്ര കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു എന്നതിൽ ആരോഗ്യമന്ത്രാലയം കണക്കുകൾ പുറത്തുവിട്ടിട്ടില്ല.
പുതിയ വകഭേദം കൂടി കണ്ടെത്തിയതോടെ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ് രാജ്യം. പരമാവധി എത്രയും പെട്ടെന്ന് എല്ലാവർക്കും വാക്‌സിൻ നൽകി കൊവിഡിനെ പിടിച്ചുകെട്ടാനാണ് വിയറ്റ്‌നാമിന്റെ ശ്രമം.
അതേസമയം, വിയറ്റ്‌നാമിൽ പുതുതായി കണ്ടെത്തിയ വൈറസ് വകഭേദത്തെ കുറിച്ച് പഠിച്ചുവരുന്നതേയുള്ളൂവെന്ന് ലോകാരോഗ്യ സംഘടനയുടെ കൊവിഡിനെ കുറിച്ച് പഠിക്കുന്ന ടെക്‌നിക്കൽ ലീഡ് മരിയ വാൻ കെർഖോവ് പ്രതികരിച്ചു.